കോവിഡ് ഭീതി വിതച്ച കാലമുൾപ്പെടുന്ന കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളം വിഴുങ്ങിയത് 30.28 കോടിയുടെ ഡോളോ-650 ഗുളികകൾ. മഹാമാരി പിടിമുറുക്കിയ സമയത്തെക്കാൾ താരതമ്യേന രോഗക്കണക്ക് കുറഞ്ഞ നാളുകളിലാണ് പാരസെറ്റമോൾ ഗുളികയായ ഡോളോയുടെ വിൽപന വർധിച്ചതെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
2019-20ൽ 7.54 കോടിയുടെയും 2020-21ൽ 7.40 കോടിയുടെയും ഡോളോ വിറ്റു. 2021-22ൽ ഇത് 15.33 കോടിയായി വർധിച്ചു. 1.79 ലക്ഷം രൂപയുടെ ഡോളോ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാൻ ഇക്കാലയളവിൽ സംഭരിച്ചു. പനി, ജലദോഷം, തലവേദന, ശരീരവേദന എന്നിക്കാണ് സാധാരണ ഡോളോ ഡോക്ടർമാർ നിഷ്കർഷിക്കാറുള്ളത്.
കോവിഡ് നാളുകളിൽ ആശുപത്രികളിൽ ചികിത്സ തേടിയവർ പിന്നീട് സമാന ലക്ഷണങ്ങളുള്ളപ്പോഴും ഡോളോ കഴിക്കുന്നെന്നാണ് വിറ്റഴിക്കൽ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായിത്തന്നെ ഡോളോയുടെ വിൽപന വർധിച്ചു. ഡോളോ 650 പോലെയുള്ള ഓവർ-ദി-കൗണ്ടർ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുമെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണമെന്നതാണ് വിദഗ്ധാഭിപ്രായം. എന്നാൽ, കോവിഡിനുശേഷം ലഘുഭക്ഷണം കഴിക്കുന്ന ലാഘവത്തിലേക്ക് പനിഗുളികകൾ മാറിയിരിക്കുകയാണ്.
ഡോളോയുടെ 500 മില്ലി വരെയുള്ള ഗുളികകളുടെ വിലനിർണയാധികാരം സർക്കാറിനും അതിന് മുകളിലുള്ളവയുടെ വിലനിർണയം നിർമാതാക്കൾക്കുമാണെന്ന് ആക്ഷേപമുണ്ട്. ഇതിനാലാണ് ഉപഹാരങ്ങൾ പ്രതീക്ഷിച്ച് ഒരു വിഭാഗം ഡോക്ടർമാർ ഡോളോ 650 കുറിക്കുന്നതെന്ന് ആരോപണമുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യം നിഷേധിച്ചു. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലെ ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റിയാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. 2022 മാർച്ചിലെ വിജ്ഞാപനപ്രകാരം പാരസെറ്റമോൾ ടാബ്ലറ്റ് -500 മില്ലിയുടെ വില 1.01 രൂപയായും 650 മില്ലിയുടെ വില 2.04 രൂപയായും നിശ്ചയിച്ചു. 500 മില്ലിക്ക് മുകളിലുള്ളവയുടെ വില നിർമാതാക്കളാണ് നിശ്ചയിക്കുന്നതെന്ന വാദം ഇക്കാരണംകൊണ്ട് സാധുവല്ലെന്ന് തെളിയുന്നതായും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.