24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൊയ്‌തുപാലം ടൂറിസ്‌റ്റ്‌ കേന്ദ്രമാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌
Kerala

മൊയ്‌തുപാലം ടൂറിസ്‌റ്റ്‌ കേന്ദ്രമാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

ധർമടം പഴയ മൊയ്തുപാലം നവീകരിച്ച്‌ വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
1931ൽ ബ്രിട്ടീഷുകാർ പണിതതാണ് പാലം. തലശേരിയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ദേശീയപാതയിൽ പുതിയ പാലം വന്നതോടെ മൊയ്തുപാലം ഉപേക്ഷിക്കപ്പെട്ട സ്ഥിതിയായി. ഉരുക്കുകൊണ്ടു നിർമിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം കുറവാണ്.
ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണിചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നത് ധർമടം – മുഴപ്പിലങ്ങാട്‌ ബീച്ചുകളുമായും തലശേരിയിലെയും കണ്ണൂരിലെയും പൈതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ടിന് ഏറെ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി ബിജു, ധർമടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഷീജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശശി, പി എം പ്രഭാകരൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പുതുമോടിയിലേക്ക്‌ 
പാലം
പുതിയ പാലം വന്നതോടെ തലമുറകളെ പുഴ കടത്തിയ ഈ പാലം തുരുമ്പെടുത്തും കാടുമൂടിയും തകർച്ചയുടെ വക്കിലാണ്.
1930-ലാണ് അഞ്ചരക്കണ്ടിപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. ഇന്നത്തെ വാഹനപ്പെരുപ്പം സ്വപ്നംപോലും കാണാത്ത അന്നത്തെ എൻജിനിയർമാർ പാലത്തിന് 50 വർഷം ആയുസ്സ് കുറിച്ചു. നൂറിരട്ടിയിലധികം ഭാരവും പേറി പാലം 86 വർഷം ജീവിച്ചു. 2016 ലാണ് പുതിയ പാലം ഉദ്ഘാടനംചെയ്തത്.
വ്യാപാരാവശ്യത്തിനാണ് ബ്രിട്ടീഷുകാർ പ്രധാനമായും മൊയ്തുപ്പാലം സ്ഥാപിച്ചത്. പുഴയിൽ ശക്തമായ അടിത്തറയിൽ സുർക്കയും ചുണ്ണാമ്പും ചേർന്ന മിശ്രിതത്തിൽ കെട്ടിപ്പൊക്കിയ നാല് കരിങ്കൽത്തൂണുകൾ.
അതിനുമുകളിൽ ഗർഡറുകളും ബെയറിങ്ങുകളും അതിനുമുകളിൽ സ്ലാബ്, മുകളിൽ ഉരുക്കിൽ നിർമിച്ച നാലു കമാനങ്ങൾ, ഓരോ കമാനത്തിലും അഞ്ചു വരി ക്രോസ് ബാറുകൾ, ഉരുക്കിലുള്ള ഉരുപ്പടികളെല്ലാം സ്കോട്ട്‌ലാൻഡിലെ ലനാർക്ക് ഷെയർ സ്റ്റീൽ കമ്പനിയിൽ നിർമിച്ചവ.
നിർമാണ വൈദഗ്ധ്യത്തിന്റെ ചരിത്ര മാതൃകയായ മൊയ്തുപ്പാലം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഇതോടെ നിറവേറും.

Related posts

കേരളത്തിൽ വിദേശയാത്രക്കാർക്ക് നിയന്ത്രണം പല രീതിയിൽ; നടപടികളിൽ അവ്യക്തത.

Aswathi Kottiyoor

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor

രാജസ്ഥാനിൽ ദളിത് യുവതിയെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox