കണിച്ചാർ: നെടുംപൊയിൽ വനത്തിനുള്ളിൽ 15 ലേറെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രങ്ങളെന്ന് ദുരന്ത നിവാരണ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടലിന്റെ പഠനത്തിനായെത്തിയ സംഘമാണ് ഇത് കണ്ടെത്തിയത്.
ഡോ.എച്ച്.വിജിത്ത്, ജി.എസ്.പ്രദീപ്, ഡോ.എസ്.രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അഥോറിറ്റി സംഘം നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പലയിടത്തു നിന്നുണ്ടായ ഉരുൾപൊട്ടൽ ഒന്നിച്ച് താഴേക്ക് ഒഴുകിയെത്തിയ നിലയിലായിരുന്നു.
ഉരുൾ പൊട്ടൽ പ്രഭവ േന്ദ്രങ്ങളെല്ലാം ഒരേ തരത്തിലുള്ളവയാണ്. ചെങ്കുത്തായ പാറയുടെ മുകളിൽ നിന്ന് മേൽ മണ്ണ് തെന്നിയിറങ്ങി ഉരുൾപൊട്ടൽ കണക്കെ താഴോട്ട് പതിക്കുകയായിരുന്നു. മേൽമണ്ണിൽ ഉണ്ടായിരുന്ന കൂറ്റൻ മരങ്ങളും ചെറു പാറക്കൂട്ടങ്ങളുമാണ് താഴെക്ക് ഒഴുകിയെത്തിയത്. നെടുംപുറംചാൽ, പൂളക്കുറ്റി മേഖലയെ ഒന്നാകെ ദുരിത ദുരിതക്കയത്തിലാഴ്ത്തിയ ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് സംഘം പ്രാഥമിക വിവരം ശേഖരിച്ചത്.
അതിദുർഘടമായ മൂന്നു കിലോമീറ്ററോളം വനത്തിന്റെ ഉൾഭാഗത്തെത്തിയാണ് സംഘം പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ, ജിമ്മി ഏബ്രഹാം, സമരസമിതി നേതാക്കളായ സതീഷ് മണ്ണാർകുളം, ഫാ. ബിജു പുന്നയ്ക്കോപടിയിൽ തുടങ്ങിയവരും വിദഗദ്ധ സംഘത്തിനൊപ്പം വനാന്തർഭാഗത്തേക്ക് പോയിരുന്നു.