റേഷന്‍ കടകളില്‍ സെപ്റ്റംബര്‍മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല. സംസ്ഥാനത്തു ഭൂരിഭാഗം പ്രദേശങ്ങളിലും മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് സ്റ്റോക്കില്ലാത്തത്. ഓണം കഴിഞ്ഞതിനുശേഷം അരി ഉള്‍പ്പെടെയുള്ള ചരക്കുകള്‍ എത്തിയിട്ടില്ല.
മുന്‍ഗണനാ വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം വീതം അരിയും ഒരു കിലോഗ്രാം വീതം ഗോതമ്പുമാണു വിതരണം ചെയ്യേണ്ടത്. എന്നാല്‍ പല എന്‍എസ്എഫ് എ താലൂക്ക് ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലൂടെയും റേഷന്‍ കടയിലേക്കു വിതരണത്തിന് ഒരംഗത്തിന് മൂന്നു മുതല്‍ മൂന്നര കിലോഗ്രാം തോതിലുള്ള അരിയാണു ലഭിക്കുന്നത്.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് റേഷന്‍ ഭാഗികമായി വിതരണം നടത്താന്‍ കഴിയാത്തതും നിലവിലെ അവസ്ഥയില്‍ തിരിച്ചടിയാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു.
സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗം കാര്‍ഡുകാരുടെ ഗോതമ്പില്‍നിന്ന് ഒരു കിലോഗ്രാം ഗോതമ്പ് കുറവു വരുത്തിക്കൊണ്ട് ഓരോ കാര്‍ഡുകാര്‍ക്കും 925 ഗ്രാം തോതിലുള്ള ഒരു പാക്കറ്റ് ആട്ടയായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് നല്കി വരുന്നത്.
എന്നാല്‍ പല എന്‍എസ്എഫ്എ സംഭരണ കേന്ദ്രങ്ങളിലും ആട്ടയുടെ സ്റ്റോക്കും കൃത്യതയോടെ എത്തുന്നില്ല. ഗോതമ്പിനു പകരം ആട്ട നല്‍കുന്നത് വന്‍കിടക്കാരായ ആട്ട മില്ലുകാരുടെ സമ്മര്‍ദ്ദം കൊണ്ടാണ് എന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.