29.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 80 കോടി രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു
Kerala

80 കോടി രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു

ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് (28 വയസ്സ്) തൃശൂർ ജി.എസ്.ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി. ജ്യോതിലക്ഷ്മിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും മേൽ പറഞ്ഞ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ കൊളങ്ങരയിൽ വീട്ടിൽ ബാവ മകൻ ബനീഷിനെ കഴിഞ്ഞ ഡിസംബറിൽ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയിൽ നിന്നാണ് കർശന ഉപാധികളോടെ ജാമ്യം നേടിയത്. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഈ-വേ ബില്ലുകളും വ്യാജ രേഖകളും എടുത്ത് കൊടുക്കുവാനും വ്യാജ രജിസ്‌ട്രേഷനുകൾ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും സഹായിച്ച് തട്ടിപ്പിൽ പങ്കാളിയായ വ്യക്തിയാണ് രാഹുൽ. കഴിഞ്ഞ ഡിസംബറിനുശേഷം രാഹുൽ ഒളിവിലായിരുന്നു.

പലതവണ സമൻസ് കൊടുത്തിട്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതിരുന്ന പ്രതിയെ തൃശൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറൻഡിൽ കുരുക്കിയാണ് അന്വേഷണ സംഘം ചോദ്യംചെയ്ത് തെളിവെടുപ്പ് നടത്തിയത്. അന്വേഷണത്തിൽ, പ്രതിയായ രാഹുൽ ദുബായിൽ 7 മാസത്തോളം ഒളിവിൽ കഴിഞ്ഞതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന കാലയളവിൽ ഇയാളുമായി ഒന്നാം പ്രതിയായ ബനീഷ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ജി.എസ്.ടി വകുപ്പിന് തെളിവ് ലഭിച്ചു. അടയ്ക്കയുടെ നികുതിവെട്ടിപ്പുമായി രാഹുലിന് അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണിക്കുന്ന നിരവധി സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി നിയമം 69-ാം വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന ജി.എസ്.ടി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യൂ ഖേൽക്കർ അനുമതി നൽകിയത്.

12-09-2022 ന് രണ്ടാം പ്രതിയായ രാഹുലിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുമ്പോൾ ഒന്നാം പ്രതിയായ ബനീഷ് തൃശൂർ ജി.എസ്.ടി ഓഫീസിൽ അതിക്രമിച്ച് കയറി അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയെന്നും, രണ്ടാം പ്രതിയെ അനുകൂലമായ മൊഴി നൽകുന്നതിനായി സ്വാധീനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥ തൃശൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ പരാതി നല്കിയിരുന്നു. കേസിന്റെ തുടർ നടപടികൾ എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങൾ വിചാരണചെയ്യുന്ന ഇക്കണോമിക് ഒഫൻസ് കോടതിയിലാണ് നടക്കുക.

അന്വേഷണ സംഘത്തിൽ തൃശൂർ ജി.എസ്.ടി വകുപ്പ് (ഐ .ബി) വിഭാഗം ഓഫീസർ സി. ജ്യോതിലക്ഷ്മി, അസിസ്റ്റന്റ് ടാക്‌സ് ഓഫീസർമാരായ ഫ്രാൻസി ജോസ് ടി., സ്മിത എൻ., ജേക്കബ് സി.എൽ, ഷക്കീല ഒ.എ, ഉല്ലാസ് ഒ. എ, സരിത കൃഷ്ണൻ, ഷാജു ഇ.ജെ എന്നിവരാണ് ഉണ്ടായിരുന്നത്. എറണാകുളം മേഖല ജി.എസ്.ടി (ഐ.ബി) വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ജോൺസൺ ചാക്കോ അന്വേഷണത്തിന് നേതൃത്വം നൽകി.

Related posts

സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്: ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

Aswathi Kottiyoor

സിനിമ വിദ്വേഷ പ്രചാരണായുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി

Aswathi Kottiyoor

തെങ്ങിൽ ‘കയറി’ സമ്പന്നമാകാൻ ആറളം

Aswathi Kottiyoor
WordPress Image Lightbox