തിരുവനന്തപുരം> കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകല്‍പ്പനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ക്കായുള്ള നിര്‍മാണ രീതികളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് വെള്ളിയാഴ്ച തുടക്കമാകും. കെ എച്ച് ആര്‍ ഐ നേതൃത്വത്തില്‍ പാലക്കാട് ഐ ഐ ടി യുടെ സഹായത്തോടെ നടത്തുന്ന സെമിനാര്‍ രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് സെമിനാര്‍.
നിലവില്‍ പൊതുമരാമത്ത് രംഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്യും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിര്‍മ്മാണ രീതികളെ കുറിച്ച് വിവിധ മേഖലകളിലുള്ള സംവാദവും നടക്കും.
ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ഗവേഷണ കണ്ടെത്തലുകള്‍ സെമിനാറില്‍ അവതരിപ്പിക്കും. സിവില്‍ എഞ്ചിനീയറിംഗിന്റെ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അക്കാദമിക, വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രഭാഷണം നടത്തും. കെഎച്ച്ആര്‍ഐ സുവര്‍ണ ജൂബിലിയുടെ ഭാഗമായുള്ള സുവനീര്‍ പ്രകാശനം, വെബ്സൈറ്റ് ലോഞ്ചിങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.