കണ്ണൂർ: പേവിഷബാധ നിർമാർജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗസ്നേഹികളുടെയും സഹകരണത്തോടെ തെരുവുനായ്ക്കളുടെ വാക്സിനേഷൻ ബുധനാഴ്ച പയ്യാമ്പലത്ത് ആരംഭിച്ചു.
ജില്ല പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ. ഇതിനിടെ വർധിച്ചുവരുന്ന തെരുവുനായ്ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീംകോടതിയിൽ നിലവിലുള്ള ഹരജിയിൽ ജില്ല പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡൻറ് പി.പി. ദിവ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ, ജില്ല പഞ്ചായത്ത് പടിയൂരിൽ ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം സെപ്റ്റംബർ അവസാന വാരത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.
കേന്ദ്രത്തിലേക്ക് ആവശ്യമുള്ള നായ് പിടിത്തക്കാരെയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവർ അറിയിച്ചു. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശസ്ഥാപന മേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പ്രജനനകേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലാതെ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്കും പിഴ ഈടാക്കും. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പൊതുഇടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കും.
വന്ധ്യംകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഷെൽട്ടറുകൾ ഒരുക്കും. വാക്സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പ് നടത്തും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിങ് നിർബന്ധമാക്കും. ജില്ലയിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് നടത്തി കൃത്യമായ കണക്കുകൾ ശേഖരിക്കും.
സ്കൂൾ പരിസരത്ത് തെരുവുനായ്ക്കൾക്ക് മൃഗസ്നേഹികൾ ഭക്ഷണം നൽകുന്നത് നിർത്തലാക്കും. ഭക്ഷണം നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങളും മൃഗസ്നേഹികളുമായി ചേർന്ന് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും.
മൃഗസ്നേഹികൾ തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാൽ അവരെ വിലക്കാനോ ആക്രമിക്കാനോ പാടില്ലെന്നും പ്രസിഡൻറ് പറഞ്ഞു. തെരുവുനായ്ശല്യം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും ജനകീയ സമിതികൾ രൂപവത്കരിക്കും. ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു.
തെരുവുനായ് ശല്യം ചർച്ചചെയ്യാൻ പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു.