27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വർണത്തിന് ഇ-വേ ബിൽ വരുന്നു
Kerala

സ്വർണത്തിന് ഇ-വേ ബിൽ വരുന്നു

സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ വ്യവസ്ഥകൾ നിശ്ചയിച്ച് വിജ്ഞാപനം ചെയ്യുന്നതോടെ നിയമം കേരളത്തിൽ പ്രാബല്യത്തിലാകും. അനധികൃതമായി സ്വർണം കൊണ്ടുവരുന്നതു തടയാൻ കേരളം വർഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യമാണിത്. സുരക്ഷാപ്രശ്നം ഉന്നയിച്ചാണ് ഇതിന്‌ അംഗീകാരം വൈകിപ്പിച്ചിരുന്നത്. സ്വർണം കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പരും മറ്റും പുറത്താകുന്നത് സുരക്ഷിതമല്ലെന്നായിരുന്നു വാദം.

50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ചരക്കുകളും കൊണ്ടുവരാൻ നിലവിൽ ഇ-വേ ബിൽ നിർബന്ധമാണ്. ചരക്കുകൾക്ക് പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് ഫോമുകളിലായാണ് ജി.എസ്.ടി.പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. എന്നാൽ സുരക്ഷാപ്രശ്നം മറികടക്കാൻ സ്വർണത്തിന് ഓൺലൈനായി പാർട്ട് എയിലെ വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണ് കേന്ദ്രവിജ്ഞാപനം. വാഹനനമ്പർ രേഖപ്പെടുത്തുന്ന പാർട്ട് ബി നൽകേണ്ടതില്ല. ഇതിനാൽ വാഹനത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയില്ല. എത്ര തുകയ്ക്കുമുകളിലുള്ള സ്വർണത്തിനാണ് ഇ-വേ ബിൽ ബാധകമാക്കുകയെന്ന് സംസ്ഥാനസർക്കാരിന്റെ വിജ്ഞാപനം വന്നേ അറിയാൻ കഴിയൂ. ഇത് വരുന്നതോടെ സ്വർണ ഇടപാടിലെ നികുതിവെട്ടിപ്പ് വലിയതോതിൽ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അന്തസ്സംസ്ഥാന, സംസ്ഥാനാന്തര ഇടപാടുകൾക്കും നികുതിദായകർ ഇനി ഇ-വേ ബിൽ എടുക്കേണ്ടിവരും. ആഭരണം നിർമിക്കാൻ കൊണ്ടുപോകുന്ന ഉരുക്കിയ സ്വർണത്തിനടക്കം ബിൽ വേണം. സ്വർണം കൊണ്ടുപോകുന്ന ദൂരം കണക്കിലെടുത്തായിരിക്കും ബില്ലിന്റെ കാലാവധി നിശ്ചയിക്കുന്നത്. മറ്റ് ചരക്കുകൾകൂടി ചേർത്ത് ബില്ല് തയ്യാറാക്കാൻ അനുവദിക്കില്ല. ഓരോ ഇടപാടിനും പ്രത്യേക ബില്ല് വേണ്ടിവരും. നിലവിൽ അനധികൃതമായി കൊണ്ടുവരുന്ന സ്വർണം പിടിച്ചാൽ സെക്‌ഷൻ 129 പ്രകാരമാണ് നടപടി എടുക്കുന്നത്. മൂന്നുശതമാനം നികുതിയും തുല്യമായ പിഴയും അടയ്ക്കാൻ തയ്യാറായാൽ സ്വർണം വിട്ടുകൊടുക്കുന്ന രീതിയാണുള്ളത്. ഇതിൽ മാറ്റംവരുമോയെന്ന് സംസ്ഥാനത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കും.

Related posts

കോവിഡ് ഭീതിയിൽ ചൈന: ആശുപത്രികൾ നിറയുന്നു, 10 ലക്ഷം പേർ മരിക്കുമെന്ന് പഠനം

Aswathi Kottiyoor

വിമാനയാത്രാനിരക്ക്‌ വർധന: ഹർജി 30ന്‌ പരിഗണിക്കും

Aswathi Kottiyoor

ക്യാമ്പയിൻ നടത്തും.

Aswathi Kottiyoor
WordPress Image Lightbox