ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്തും വിപണനവും തടയാൻ ശക്തമായ നടപടികളുമായി എക്‌സൈസ്. ഒരു മാസമായി തുടരുന്ന തീവ്രപ്രതിരോധ പ്രവർത്തനങ്ങളിൽ 163 അബ്‌കാരി കേസും 53 എൻഡിപിഎസ് കേസും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് 1133 കേസും രജിസ്റ്റർ ചെയ്‌തു. 200 പേരാണ് അറസ്റ്റിലായത്.
ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മേഖലാതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റും ബോർഡർ പട്രോളിങ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. റോഡുമാർഗമുള്ള കടത്ത് തടയാൻ തമിഴ്‌നാട് എക്‌സൈസുമായി ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും പരിശോധനയുണ്ട്. പൊലീസ്, വനം, ആരോഗ്യവകുപ്പുകളുമായി ചേർന്നും സ്പെഷ്യൽ ഡ്രൈവും സംയുക്ത പരിശോധനകളും നടത്തിയിരുന്നു. 14.65 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 13 ലിറ്റർ വിദേശ നിർമിത മദ്യവും പിടികൂടി.