മഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിനും കരുത്തരായ ബാഴ്‌സലോണയ്ക്കും വിജയം. റയല്‍ മഡ്രിഡ് റയല്‍ ബെറ്റിസിനെയും ബാഴ്‌സലോണ സെവിയ്യയെയും കീഴടക്കി. എന്നാല്‍ മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സമനിലയില്‍ കുരുങ്ങി.
സെവിയ്യയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ വിജയം. ബാഴ്‌സയ്ക്ക് വേണ്ടി റാഫീന്യ, സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, എറിക് ഗാര്‍ഷ്യ എന്നിവര്‍ ലക്ഷ്യം കണ്ടു. മത്സരത്തിലുടനീളം ബാഴ്‌സയാണ് ആധിപത്യം പുലര്‍ത്തിയത്.റാഫീന്യയിലൂടെ 21-ാം മിനിറ്റില്‍ ബാഴ്‌സ ആദ്യ ഗോളടിച്ചു. 36-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ ബാഴ്‌സ 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ ഗോളടിച്ച് എറിക് ഗാര്‍ഷ്യ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. നാല് മത്സരങ്ങളില്‍ നിന്ന് ടീം നേടുന്ന മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ ബാഴ്‌സലോണ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. നാല് മത്സരങ്ങൡ നിന്ന് 10 പോയന്റാണ് ടീമിലുള്ളത്.
റയല്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസിനെ കീഴടക്കിയത്. ഒന്‍പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ലീഡെടുത്തെങ്കിലും 17-ാം മിനിറ്റില്‍ ബെറ്റിസ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. സെര്‍ജിയോ കനാലസാണ് ബെറ്റിസിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനില പാലിച്ചു. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ റോഡ്രിഗോ റയലിനായി വിജയ ഗോള്‍ നേടി.
ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളിലും വിജയിച്ച റയലിന് 12 പോയന്റാണുള്ളത്.
മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡും റയല്‍ സോസിഡാഡും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അഞ്ചാം മിനിറ്റില്‍ തന്നെ അത്‌ലറ്റിക്കോ മഡ്രിഡ് ആല്‍വാരോ മൊറാട്ടയിലൂടെ ലീഡെടുത്തു. പക്ഷേ ആ ലീഡ് മത്സരത്തിലുടനീളം പുറത്തെടുക്കാന്‍ ടീമിനായില്ല. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഉമര്‍ സാദിഖ് റയല്‍ സോസിഡാഡിനായി സമനില ഗോള്‍ നേടി.
പുതിയ സീസണില്‍ അത്‌ലറ്റിക്കോയ്ക്ക് അത്രമികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് രണ്ട് വിജയമാണ് നേടാനായത്. ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. നിലവില്‍ ഏഴ് പോയന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.