22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • പ്രതീക്ഷ നിലനിർത്തി പാൽതു ജാൻവർ തിയേറ്ററുകളിൽ
Iritty

പ്രതീക്ഷ നിലനിർത്തി പാൽതു ജാൻവർ തിയേറ്ററുകളിൽ

ഇരിട്ടി: പൂർണ്ണമായും കണ്ണൂർ ജില്ലയിൽ ചിത്രീകരിച്ച പാൽതു ജാൻവർ ഇത്തവണത്തെ ഓണചിത്രമായി തിയേറ്ററുകളിലെത്തി. തങ്ങൾ പ്രതീക്ഷിച്ചത് തങ്ങൾക്കു തരാൻ ഇതിലെ അണിയറ പ്രവർത്തകരെല്ലാം ഒന്ന് ചേർന്ന് ശ്രമിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങിയവരെല്ലാം ഒന്നടക്കം പറയുന്നത്.
എഴുത്തുകാരൻ വിനോയ് തോമസും സുഹൃത്ത് അനീഷ് അഞ്ജലിയും ചേർന്ന് രചന നിർവഹിച്ച പാൽതു ജാൻവറിനെ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കത്തോടെയാണ് നവാഗത സംവിധായകനും ഇരിട്ടി പടിയൂർ സ്വദേശിയുമായ സംഗീത് പി രാജൻ ചലച്ചിത്രമാക്കി വികസിപ്പിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ് തുടങ്ങിയവർക്കൊപ്പം ഇരിട്ടി മേഖലയിലെ നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ മോളിക്കുട്ടി എന്ന പശുവും ഇതിലെ പ്രധാന കഥാപാത്രമാണ്.
കണ്ണൂർ ജില്ലയിലെ പച്ചപ്പ്‌ പുതച്ച മലമടക്കുകളാൽ മനോഹാരിത നിറഞ്ഞ ഒരു കുടിയേറ്റ ഗ്രാമമായ കുടിയാന്മലയിലാണ് കഥ നടക്കുന്നത്. ഇവിടെ മറ്റൊരു തൊഴിലിൽ പരാജയപ്പെട്ട് ഇഷ്ടമില്ലെങ്കിലും ഇവിടുത്തെ മൃഗാശുപത്രിയിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറായി എത്തുന്ന പ്രസൂൺ എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഗ്രാമസഭകളും അതിലെ രാഷ്ട്രീയം പറയാതെ നർമ്മരസത്തിൽ തൊട്ടു പോകുന്ന കഥാ മുഹൂർത്തങ്ങളും സംഭാഷണങ്ങളും കഥയെ വിരസതയില്ലാതെ മുന്നോട്ടു നയിക്കുന്നു. വിവരവും വെളിവുമില്ലാതെ ജനപ്രതിനിധികളായെത്തുന്നവർക്ക്‌ പറ്റുന്ന വീഴ്ചകളും അമളികളും ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ കുറ്റം ചാർത്തപ്പെടുന്നതിന്റെ ഉദാഹരണങ്ങളും കഥയിൽ വിളക്കി ചേർക്കപ്പെട്ടിരിക്കുന്നു. പ്രധാന കഥാപാത്രമായ പ്രസൂണിനെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫും, വാർഡ് മെമ്പറായെത്തുന്ന ഇന്ദ്രൻസും , മൃഗ ഡോക്ടറായെത്തുന്ന ഷിമ്മി തിലകനും തങ്ങളുടെ കഥാപാത്രത്തിനൊത്ത അഭിനയ പാടവം കാഴ്ചവെക്കുന്നു. എടുത്തു പറയാതെതന്നെ ഇതിലെ നാട്ടുകാരായ കഥാപാത്രങ്ങൾ അടക്കം എല്ലാവരും തങ്ങളുടേതായ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു.
ഒരു ചെറിയ കഥാതന്തുവിനെ കുട്ടികൾ മുതൽ പ്രായം ചെന്നവർക്കു വരെ ആസ്വദിക്കാൻ കഴിയുന്ന ഒട്ടും വിരസത തോന്നാത്ത രണ്ടു മണിക്കൂറോളം നീളുന്ന ഒരു പുതുമയാർന്ന ചലച്ചിത്രമാക്കി മാറ്റിയിരിക്കയാണ് ഇതിലെ അണിയറ പ്രവർത്തകർ എന്ന് പറയാം. എഴുത്തുകാരൻ വിനോയ് തോമസിന്റെ സ്വദേശമായ ഉളിക്കൽ ജി സിനിമാസിൽ രാവിലെ 10 മണിക്ക് നടന്ന സിനിമയുടെ ആദ്യ പ്രദർശനം കാണാൻ വിനോയ്‌തോമസും കുടുംബവും എത്തിയിരുന്നു. സംവിധായകൻ സംഗീത് പി രാജന്റെ മാതാപിതാക്കളായ പി. രാജനും സുജാതയും കുടുംബാംഗങ്ങളും ഇതേ തിയേറ്ററിൽ തന്നെ എത്തി ആദ്യ പ്രദർശനം കണ്ടു. ഇതിൽ കഥാപാത്രങ്ങളായി എത്തിയ മലയോരത്തെ താരങ്ങളും ഇവർക്കൊപ്പം തന്നെ സിനിമ കണ്ടു. ഭാവനാ സ്റ്റുഡിയോ ഓണചിത്രമായി റിലീസ് ചെയ്ത പാൽതു ജാൻവർ ജനങ്ങൾ ഏറ്റെടുക്കും എന്ന് തന്നെയാണ് ആദ്യ ദിവസം സിനിമകണ്ട പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

Related posts

പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor

അധികൃതരുടെ അവഗണയിൽ ശ്വാസം മുട്ടി പയഞ്ചേരി കൂളിപ്പാറ കോളനിയും അന്തേവാസികളും

Aswathi Kottiyoor

ഇരിട്ടി അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിൽ വൺ കെയർ ഡയബറ്റിക്ക് സെന്റർ ഉദ്ഘാടനം 17ന്

Aswathi Kottiyoor
WordPress Image Lightbox