ദില്ലി: ഒക്ടോബർ 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആഴ്ചകൾക്കകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് 2030 ന് മുൻപ് 6ജി എത്തുമെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.
സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്.
ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികളും.5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക.
പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്. ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്.
അതിൽ മികച്ച മാർഗം ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.
ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം.
ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും