23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തലാഖും വിവാഹവും തടയാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
Kerala

തലാഖും വിവാഹവും തടയാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

മുസ്ലിം ഭർത്താക്കന്മാർക്ക് നിയമപരമായി തലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശം തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് കോടതികൾ ഒരാളെ തടയുന്നത് ഭരണഘടനയുടെ 25––ാം അനുച്ഛേദപ്രകാരമുള്ള അവകാശനിഷേധമാകുമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അന്തിമ തലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്ന ഭാര്യയുടെ ഹർജി അനുവദിച്ച കുടുംബകോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഒന്നും രണ്ടും തലാഖ് ചൊല്ലിക്കഴിഞ്ഞ് അന്തിമ തലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹർജിയിൽ ഇതു തടഞ്ഞ് കുടുംബകോടതി ഉത്തരവിട്ടത്. മറ്റൊരു ഹർജി പരിഗണിച്ച് വിവാഹവും തടഞ്ഞു. മതപരമായ വിശ്വാസം സ്വീകരിക്കാൻമാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമപ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അത് നിർവഹിക്കുന്നത് തടയാൻ കോടതികൾക്ക് കഴിയില്ല.

നടപടികളിൽ വ്യക്തിനിയമം പാലിച്ചിട്ടില്ല എന്ന വാദം ഉയർത്താമെങ്കിലും എല്ലാ നടപടികൾക്കും ശേഷമേ ഇതുസംബന്ധിച്ച നിയമസാധുത പരിശോധിക്കാനാകൂ. ഹർജിക്കാരൻ മൂന്നാം തലാഖ് പൂർത്തിയാക്കാത്തതിനാൽ വിവാഹമോചനം നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടലിനുള്ള അധികാരപരിധി ചെറുതാണ്.

ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തിനിയമപ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോൾ അതുപ്രകാരം നടപടികൾ അനുവദിക്കാതിരിക്കാൻ കോടതിക്കാകില്ല. കുടുംബകോടതി ഉത്തരവ്‌ അധികാരപരിധി ലംഘിക്കുന്നതിനാൽ റദ്ദാക്കുന്നതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമപരമായല്ല നടപടിക്രമങ്ങൾ നടത്തിയതെന്ന് പരാതിയുണ്ടെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം പരാതിക്കാരിക്ക് ഉചിതമായ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Related posts

50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്, 40,000 മ​ര​ണം

Aswathi Kottiyoor

ജല ലഭ്യതക്കനുസരിച്ച് ജലവിനിയോഗവും ആസൂത്രണവും ആവശ്യം : മന്ത്രി റോഷി അഗസ്റ്റിൻ

Aswathi Kottiyoor

വ്യാജക്കള്ളിനെതിരെ ജനകീയ കമ്മിറ്റി, സ്പെഷൽ സ്ക്വാഡ്.*

Aswathi Kottiyoor
WordPress Image Lightbox