നിർദ്ദിഷ്ട 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്ന ഉളിക്കൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ സ്ഥലം ഉടമകളുടെയും പൊതു പ്രവർത്തകരുടെയും യോഗം ഉളിക്കൽ പഞ്ചായത്ത് ഹാളിൽ ചേർന്നു. ടവറുകൾ സ്ഥാപിക്കുന്നതിനും ലൈൻ കടന്നുപോകുന്നതിനുമായി സ്ഥലം വിട്ടുനൽകുന്ന സ്ഥലം ഉടമകൾക്ക് മാർക്കറ്റ് നിരക്കിന്റെ ഇരട്ടി വില ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാരം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ കർഷകരുടെ കൃഷി ഭൂമിയിലെ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.വി.ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ചാക്കോ പാലക്കലോടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ, മെമ്പർമാരായ പി.കെ. നിഷ, ജാൻസി കുന്നേൽ, മാത്യൂ ഐസക്, മണിക്കടവ് പള്ളി വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ, കെ.ജി. നന്ദൻകുട്ടി, വി.കെ. ദാസൻ, സെബാസ്റ്റ്യൻ മുണ്ടിയാനിയിൽ, സണ്ണി ജോസഫ് പുത്തേട്ട്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സലിം എൻ. ഇ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അമർനാഥ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ചെയർമാനും ഒ.വി. ഷാജു ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.