ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും.
കാർഡുടമകൾക്ക് അവരവരുടെ റേഷൻകടകളിൽ നിന്നും കിറ്റുകൾ കൈപ്പറ്റാം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേയ്ക്കുമുള്ള ഭക്ഷ്യ കിറ്റുകൾ വാതിൽപ്പടി സേവനമായി വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.