20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ
Kerala

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

*ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമായിരിക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. ‘നികുതി നമുക്കും നാടിനും’ എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്. ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച മുതൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽകർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആപ്പിന്റെ പ്രചാരണാർത്ഥം കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിൽ നഗരത്തിലൂടെ ഹ്രസ്വയാത്ര സംഘടിപ്പിച്ചു. മന്ത്രി ബാലഗോപാൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

Related posts

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Aswathi Kottiyoor

ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ൻ​സും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox