• Home
  • Thiruvanandapuram
  • വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ചെന്ന് അദാനി പോർട്സ്; സമരക്കാർക്കെതിരെ മന്ത്രി.
Thiruvanandapuram

വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ചെന്ന് അദാനി പോർട്സ്; സമരക്കാർക്കെതിരെ മന്ത്രി.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലത്തേക്കു നിർത്തിവച്ചു. നിർമാണ പ്രവർത്തനങ്ങൾ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോർട്സ് അധികൃതർ അറിയിച്ചു. സമരം കാരണം നിർമാണ സാധനങ്ങൾ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു. നിർമാണം നിർത്തിയെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ ലത്തീൻ അതിരൂപതയിലെ വൈദികരടക്കമുള്ളവർ തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്തേക്കു പോയി.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സർക്കാർ ഇതുവരെ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

ഈ മാസം അവസാനംവരെ സമരം നടത്തുമെന്നാണ് സഭാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പൊഴിയൂർ ഭാഗത്തുനിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നത്. നാളെ മറ്റുള്ള ഇടവകകളിൽനിന്നു സമരക്കാരെത്തും. വിഴിഞ്ഞം തുറമുഖ കവാടത്തിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ എടുത്തുമാറ്റിയതു നേരിയ സംഘർഷത്തിനിടയാക്കി. തുറമുഖ നിർമാണം കാരണം വീടുകൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തുറമുഖ നിർമാണത്തിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും അനുമതിയുണ്ട്. കേന്ദ്രവും കേസിൽ കക്ഷിയായതിനാൽ ഏകപക്ഷീയമായി സംസ്ഥാനത്തിനു തീരുമാനമെടുക്കാനാകില്ല. വിഴിഞ്ഞത്തെ സമരത്തിൽ അവിടെയുള്ള ആളുകൾക്ക് പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നും തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സർക്കാർ നേരത്തെ വിഷയം ചർച്ച ചെയ്തിരുന്നു. പുനരധിവാസത്തിനു സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ആരുമായും ചർച്ച നടത്താൻ തയാറാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

പുറത്തുനിന്നുള്ളവരാണ് വിഴിഞ്ഞത്ത് സമരം നടത്തുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത രംഗത്തെത്തി. മന്ത്രിക്കു ബോധക്ഷയം സംഭവിച്ചിരിക്കുകയാണെന്നു സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു. തുറമുഖം സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചു മന്ത്രിയടക്കമുള്ളവർക്ക് അറിയില്ല. അതിന്റെ ഭാഗമായാണ്, പുറത്തുനിന്നെത്തിയവരാണ് ഇവിടെ സമരം നടത്തുന്നതെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor

പെട്രോള്‍ – ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം; ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി….

Aswathi Kottiyoor

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോമിയോ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ചികിത്സ പ്രോട്ടോക്കോൾ പുതുക്കണമെന്ന് ആവശ്യം….

WordPress Image Lightbox