ദീർഘദൂര സൂപ്പർ ക്ലാസ് ബസുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ഏറ്റവും അനുയോജ്യമായ സീറ്റുകളും തൊട്ടടുത്ത സീറ്റുകൾ സ്ത്രീകൾക്ക് മാത്രമായി അനുവദിക്കുന്ന സിംഗിൾ ലേഡി ബുക്കിംഗ് സംവിധാനം കെഎസ്ആർടിസി നടപ്പാക്കുന്നു. ഈ സംവിധാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇഷ്ടാനുസരണം സീറ്റുകൾ തെരഞ്ഞെടുക്കാം.
ഈ സംവിധാനത്തിൽ ഒരു സ്ത്രീ യാത്രക്കാരിക്ക്, മറ്റേതെങ്കിലും സ്ത്രീ യാത്രക്കാരി ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റ് തന്നെ ലഭിക്കും. ബസിൽ ആരും തന്നെ ബുക്ക് ചെയ്തിട്ടില്ല എങ്കിൽ സിസ്റ്റം സ്വമേധയാ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് സ്ത്രീകൾക്കായി അലോട്ട് ചെയ്യുകയും അവർക്ക് ആ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. ഇത്തരത്തിൽ ബുക്ക് ചെയ്ത ഒരു സീറ്റിനു തൊട്ടടുത്ത സീറ്റിൽ പുരുഷ യാത്രക്കാരന് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഒന്നിലധികം സ്ത്രീ യാത്രക്കാർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഈ സംവിധാനത്തിലൂടെ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം.
സിംഗിൾ ലേഡി ബുക്കിംഗ് അല്ലാതെ ജനറലായ ഒറ്റപ്പെട്ട സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകളുടെ അടുത്ത സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യുന്നതിന് തടസമില്ല.