24.3 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • തീരദേശ ഹൈവേ: 2 റീച്ചിൽ നിർമാണം തുടങ്ങി; ഡിപിആർ തയാറാക്കൽ അവസാന ഘട്ടത്തിൽ.
Thiruvanandapuram

തീരദേശ ഹൈവേ: 2 റീച്ചിൽ നിർമാണം തുടങ്ങി; ഡിപിആർ തയാറാക്കൽ അവസാന ഘട്ടത്തിൽ.

തിരുവനന്തപുരം: സംസ്ഥാനത്തു തെക്ക്–വടക്ക് തീരദേശത്തെ ബന്ധിപ്പിച്ചു നിർമിക്കുന്ന തീരദേശ ഹൈവേയുടെ നിർമാണം രണ്ടു റീച്ചുകളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര–ഉണ്യാൽ, മൊയ്തീൻ പള്ളി–കെട്ടുങ്ങൽ റീച്ചുകളിലാണു കരാർ നൽകി നിർമാണം തുടങ്ങിയത്.

തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കിലോമീറ്റർ പാതയിൽ 468 കി.മീ. റോഡ് ആണ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) നിർമിക്കുന്നത്. 155 കി.മീ. ഭാഗം ഒഴിവാക്കിയത് തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചു ദേശീയപാത അതോറിറ്റി നിർമിക്കുന്ന ഭാരത്‍മാല പദ്ധതിയിൽ ഏകദേശം 120 കി.മീറ്ററും മറ്റു റോഡ് നിർമാണ പദ്ധതികളിലായി 35 കി.മീറ്ററും ഉൾപ്പെടുന്നതിനാലാണ്.

തിരുവനന്തപുരം ജില്ലയിലെ രണ്ടു റീച്ചുകൾ, കോഴിക്കോട് ജില്ലയിലെ ഒരു റീച്ച് ഒഴികെ സ്ഥലങ്ങളിൽ സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിരുന്നു. ചിലയിടങ്ങളിൽ നിർമാണത്തിനു കരാറും ആയി. ചില റീച്ചുകള‍ിൽ കരാർ നടപടികൾ പുരോഗമിക്കുന്നു.

തീരദേശ ഹൈവേയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. നാറ്റ്പാക് തയാറാക്കിയ അലൈൻമെന്റിന് 5 വർഷം മുൻപ് സർക്കാർ അംഗീകാരം നൽകിയെങ്കിലും ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കലിനു തടസ്സമുള്ളതിനാലും വളവുകൾ നിവർക്കേണ്ടതിനാലും അലൈൻമെന്റ് മാറ്റം വരുത്തിയിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്. ഓരോ ജില്ലയിലെയും മാറ്റം വരുത്തിയ അലൈൻമെന്റ് മാത്രം തുടർന്നു സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സ്ഥലമെടുപ്പ് പൂർണമാകാൻ 2 വർഷം വരെ വേണ്ടി വരും. വികസന പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയാണു തീരദേശ ഹൈവേക്കും. പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതു തീരദേശ വികസന കോർപറേഷനാണ്. ആകെ 6500 കോടി രൂപയാണു പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ്.

മഞ്ഞക്കുറ്റിക്ക് പകരം പിങ്ക് കല്ല്

സർക്കാർ സ്ഥലമേറ്റെടുക്കുമ്പോൾ പതിവായി സ്ഥാപിക്കുന്ന മഞ്ഞ നിറത്തിലുള്ള കല്ലുകൾക്കു പകരം തീരദേശ ഹൈവേക്കു പിങ്ക് നിറമുള്ള കല്ല് സ്ഥാപിക്കാൻ തീരുമാനം. സിൽവർലൈൻ പദ്ധതിക്കു മഞ്ഞക്കുറ്റികൾ നാട്ടിയത് വിവാദമായിരുന്നു. എന്നാൽ തീരദേശത്തു കൂടി നിർമിക്കുന്ന റോഡ് ആയതിനാൽ പലയിടത്തും തീരപരിപാലന നിയമപ്രകാരം അതിർത്തി തിരിച്ചിട്ട‍ുള്ളതു മഞ്ഞ കല്ലുകൾ ഉപയോഗിച്ചാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണു സ്ഥലമെടുപ്പിന്റെ കല്ലിനു നിറം മാറ്റിയതെന്നുമാണു വിശദീകരണം.

Related posts

ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച നിരക്കിൽ ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി….

വ്യവസായ സൗഹൃദ കേരളം ; 7000 കോടിയുടെ നിക്ഷേപം വരും : മുഖ്യമന്ത്രി.

Aswathi Kottiyoor

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലം ജൂലൈ 21ന്.*

Aswathi Kottiyoor
WordPress Image Lightbox