കോട്ടയം: മണ്‍സൂണ്‍ മഴയ്ക്കിടെ വൈകുന്നേരം അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് കാരണം. രാവിലെ ആകാശം തെളിയുകയും വെയില്‍ കിട്ടുകയും ചെയ്യുന്ന ദിനങ്ങളിലാണ് വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്. തുലാമഴക്കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉള്ളത്.
രാവിലത്തെ ശക്തമായ വെയിലില്‍ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈര്‍പ്പം അതിശക്തമായി നീരാവിയായി ഉയരുകയുംചെയ്യും. രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ നീരാവിയുടെ രൂപവത്കരണവും ശക്തമാകും. ഇത് അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി കൂമ്പാരരൂപത്തില്‍ വരും. വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്യും. ഈ മേഘങ്ങളില്‍ വൈദ്യുതി ചാര്‍ജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമാകുന്നത്.
മണ്‍സൂണ്‍ ഇതര സാഹചര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങള്‍ രൂപപ്പെടാറുണ്ട്. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങള്‍ക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമായത്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണം. മണ്‍സൂണ്‍ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇടയ്ക്ക് മഴ കുറയാന്‍ ഇടയാക്കുന്നത്. മണ്‍സൂണില്‍ ഇടയ്ക്ക് തെളിച്ചവും വൈകീട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണത കൂടിവരുന്നതായി കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ.എം.ജി.മനോജ് പറഞ്ഞു. മണ്‍സൂണ്‍ കാറ്റിന്റെ ശക്തിദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ ഈ മാറ്റങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.