ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഓഫീസിന്റെ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് അടുത്തയാഴ്‌ചയോടെ പൂർണമായും പ്രവർത്തനസജ്ജമാക്കും. പഞ്ചിംഗിനായി ഭൂരിപക്ഷം ജീവനക്കാരുടേയും രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ ഓഫീസ് സംവിധാനത്തിൽ കൊണ്ടുവരും. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ ഓഫീസ് സജ്ജമാക്കി വരുന്നു. ഇവിടങ്ങളിൽ ഇ ഓഫീസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും പരിശീലനം പൂർത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഇതോടൊപ്പം ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ പുരോഗതിയും വിലയിരുത്തി. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫയലുകളുമാണ് ഇവിടെ തീർപ്പാക്കുന്നത്. പലതും അവർക്ക് ആശ്വാസമാകാനുള്ളതാണ്. അനാവശ്യമായി ഫയലുകൾ വച്ച് താമസിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഓൺലൈനിലേക്ക് ചുവടുമാറുമ്പോൾ ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമാകും. അതിവേഗം ഫയലുകൾ കൈമാറാനും തീർപ്പാക്കാനും ഫയലുകളുടെ സ്റ്റാറ്റസറിയാനും അനാവശ്യമായി ഫയലുകൾ വച്ച് താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും സാധിക്കുന്നു. ഇതിലൂടെ ജനങ്ങൾക്ക് വളരെ വേഗത്തിൽ സഹായം ലഭ്യമാകുന്നു. ആരോഗ്യ വകുപ്പ് ഡയറക്‌ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്‌ടർമാർ, നോഡൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.