25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ.*
Kerala

വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ.*


കൊല്ലം ∙ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി ആർ.നിശാന്തിനി വ്യക്തമാക്കി. കൊല്ലം റൂറല്‍ എസ്പി കെ.ബി.രവിയും കോളജിലെത്തി. അഞ്ചു പരാതികള്‍ ഇതുവരെ ലഭിച്ചെന്ന് എസ്പി വ്യക്തമാക്കി.അന്വേഷണസംഘം ഇന്നു കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി.

വനിതാ കമ്മിഷന്‍ അംഗങ്ങളും കോളജിലെത്തി. കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.അതിനിടെ, കോളജില്‍ കെഎസ്‍യു നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. കോളജിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകരും കോളജിനു പുറത്ത് എബിവിപി പ്രവർത്തകരും പ്രതിഷേധിച്ചു. കൂടുതല്‍ പൊലീസും സ്ഥലത്തുണ്ട്.

Related posts

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയസ്

Aswathi Kottiyoor

കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു; 10 ദിവസം കൂടി അഭിപ്രായങ്ങൾ അറിയിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

അഗതി മന്ദിരങ്ങളിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും താമസക്കാർക്ക് ഓണക്കിറ്റ് നൽകും

Aswathi Kottiyoor
WordPress Image Lightbox