27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മങ്കിപോക്‌സ്; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍
Kerala

മങ്കിപോക്‌സ്; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

ഒരാള്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.

മംഗലാപുരത്തു നിന്നും ബന്ധുവായ ടാക്‌സി ഡ്രൈവര്‍ക്കൊപ്പമായിരുന്നു യുവാവ് കണ്ണൂരിലെത്തിയത്. വിമാനത്തില്‍ കൂടെ യാത്ര ചെയ്ത കാസര്‍ഗോഡ് സ്വദേശികള്‍ക്ക് യുവാവുമായി സമ്പര്‍ക്കമില്ലെന്ന് കണ്ടെത്തി. ജൂലൈ 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദുബായില്‍ നിന്ന് മംഗലാപുരം എയര്‍പ്പോര്‍ട്ടിലാണ് ഇയാള്‍ വന്നിറങ്ങിയതെന്നാണ് വിവരം. ലക്ഷണങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ഊര്‍ജിതമാക്കി. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കും. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീട്ടിലെത്തിയ ശേഷം മങ്കിപോക്സിന്റെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ ടോള്‍ ഫ്രീ നമ്പര്‍ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല കണ്‍ട്രോള്‍ റൂമും ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രോഗ നിരീക്ഷണത്തിനും മാനേജ്മെന്റിനുമായുള്ള മാര്‍ഗരേഖ തയാറാക്കി വരുന്നു. ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലന്‍സ് സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി വരുന്നു. പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.

Related posts

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: ഹൈക്കോടതി

Aswathi Kottiyoor

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍.

Aswathi Kottiyoor

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

Aswathi Kottiyoor
WordPress Image Lightbox