അൻപതിലധികം ആനകളെ പാർപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കി കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തെ വിപുലമായ പാർക്കാക്കി മാറ്റുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ഇതിനായി 120 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തനം ഉടൻ പൂർണതോതിൽ ആരംഭിക്കുമെന്നും മന്ത്രി ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അറിയിച്ചു.
ബഫർ സോണ്‍ സംബന്ധിച്ച പ്രശ്നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം. കേരളത്തിന്റെ ഉത്കണ്ഠ കേന്ദ്ര എക്സ്പെർട്ട് കമ്മിറ്റി മുൻപാകെ ശിപാർശയായി നൽകും. ബഫർ സോണ്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി വന്നതു മുതൽ ഇപ്പോൾ വരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഉദാസീനതയും ഉണ്ടായിട്ടില്ല.
ചെയ്യേണ്ട കാര്യങ്ങൾ പടിപടിയായി ചെയ്യന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയി കേന്ദ്ര വനം,വന്യജീവി പരിസ്ഥിതി മന്ത്രിയെ കാണുകയും കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ കോപ്പിയും കേരളം മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളും സമർപ്പിച്ചു. ഇതിനു പുറമെ കേന്ദ്രസർക്കാർ മുഖേന സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടിയും സമാന്തരമായി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.