ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് മറികടക്കുന്നതിനു മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് യോജിച്ച നീക്കത്തിനു സംസ്ഥാനം ആലോചിക്കുന്നു.
കേരളത്തിനു പുറമേ ഉത്തരവ് കാര്യമായി ബാധിക്കുന്ന തമിഴ്നാട്, കര്‍ണാടക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുമായി ചേര്‍ന്നുള്ള കൂട്ടായ്മയാണ് പരിഗണനയില്‍. സംസ്ഥാനങ്ങളിലെ വനം പരിസ്ഥിതി മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ മന്ത്രി എ.കെ. ശശീന്ദ്രന് കോഴിക്കോട്ട് പറഞ്ഞു.
കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി നടത്തിയ ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രശ്നവും ചര്‍ച്ച ചെയ്തു.
സംസ്ഥാനം കോടതിയെ സമീപിച്ചാല്‍ അനുകൂല നിലപാട് എടുക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്രവുമായി യോജിച്ചുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സുപ്രിംകോടതിയില്‍ ഹര്‍ജി നല്കാന് തീരുമാനിച്ച സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ സാന്നിധ്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്.
കേന്ദ്രത്തിനു വിരുദ്ധമായ നിലപാട് എടുക്കേണ്ടതില്ലെന്ന് എജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുപ്രിം കോടതിലെ സ്റ്റാന്‍ഡിംഗ് േകാണ്സല്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ, ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഗംഗാസിംഗ് എന്നിവരും യോഗത്തില്‍ സംബന്ധിക്കുമെന്ന് മന്ത്രി പറഞ്ഞു.