ബഫര്‍സോണ്‍ സംബന്ധിച്ച ജൂണ്‍ മൂന്നിലെ സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തവും കൃത്യവും ആയിരിക്കണമെന്ന് കെസിബിസി.
വിഷയത്തില്‍ ഏറ്റവും ക്രിയാത്മകമായ നിലപാടുകളും നടപടിക്രമങ്ങളും അടിയന്തരമായി സ്വീകരിച്ച് പ്രതിസന്ധിക്ക് താമസംവിനാ പരിഹാരം കണ്ടെത്തണമെന്ന് കേരള കത്തോലിക്കാ സഭാ നേതൃത്വം കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ഥത സംശയിക്കത്തക്കതാണെന്ന വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിനെതിരേ ജൂലൈ ആറിന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്നു പറയുമ്പോഴും 2019ല്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്‍വലിക്കാത്തതും പ്രായോഗിക നടപടികള്‍ സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ വൈമനസ്യം പുലര്‍ത്തുന്നതും പ്രതിഷേധാത്മകമാണ്.
സംരക്ഷിത വനമേഖലകള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റീവ് സോണ്‍ ആകാമെന്നു തീരുമാനിച്ച് കേരള സര്‍ക്കാര്‍ 2019 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാത്തപക്ഷം സുപ്രീംകോടതിയില്‍ നല്കാനിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയും സിഇസിയില്‍ നല്കുന്ന അപ്പീലുമടക്കം തള്ളാനുള്ള സാധ്യതയുണ്ട്.
ജൂണിലെ സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം നിലവിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം എത്രത്തോളം പൗരന്മാര്ക്ക് ദോഷകരമാണ് എന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി അപ്പീല്‍ നല്കാന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.
ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണയിച്ച് വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.