26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തുടച്ചുനീക്കും ദാരിദ്ര്യം ; അതിദാരിദ്ര്യ നിർമാർജന മൈക്രോപ്ലാനിന്‌ മാർഗരേഖ
Kerala

തുടച്ചുനീക്കും ദാരിദ്ര്യം ; അതിദാരിദ്ര്യ നിർമാർജന മൈക്രോപ്ലാനിന്‌ മാർഗരേഖ

സംസ്ഥാനത്ത്‌ അഞ്ചുവർഷംകൊണ്ട്‌ അതിദാരിദ്ര്യം നിർമാർജനംചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മൈക്രോപ്ലാൻ തയ്യാറാക്കും. സർവേയിൽ 64,006 കുടുംബം അതിദാരിദ്ര്യത്തിലാണെന്ന്‌ കണ്ടെത്തി. ഇവരെ നിത്യദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കാനുള്ള സൂക്ഷ്‌മപദ്ധതികളുമുൾപ്പെടുത്തി മാർഗരേഖ പ്രസിദ്ധീകരിച്ചു. ഓരോ കുടുംബത്തിനും ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും നിർദേശമുണ്ട്‌. ആഗസ്‌ത്‌ 31 നകം പദ്ധതി നിർവഹണത്തിലേക്ക്‌ കടക്കും.

മൂന്നു തരത്തിലാണ്‌ പദ്ധതി നിർവഹണം. റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണം, ചികിത്സ തുടങ്ങിയവ ലഭ്യമാക്കുകയാണ് ആദ്യ പദ്ധതി. അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, സ്ഥിരമായ ചികിത്സ മുതലായവ ഹ്രസ്വകാലത്തേക്ക് ഏർപ്പെടുത്താവുന്നവയിൽ ഉൾപ്പെടും. വീട്, ശുചിമുറി, വൈദ്യുതി, കുടിവെള്ളം മുതലായവ ഒരുക്കുന്ന ദീർഘകാല പദ്ധതികളും മാർഗരേഖയിലുണ്ട്.

ഭക്ഷണ ലഭ്യത അയൽക്കൂട്ടങ്ങൾ, ജനകീയ ഹോട്ടൽ, സ്പോൺസർഷിപ് എന്നിവയിലൂടെ കണ്ടെത്താം. ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിനായിരിക്കും. പോഷകാഹാര വിദഗ്ധരുടെയും ഡോക്ടർമാരുടെയും ഉപദേശവും തേടും. ആശാകിരണം പദ്ധതിയിലൂടെയും സഹായമൊരുക്കും. പാലിയേറ്റീവ് കെയർ, വാതിൽപ്പടി സേവനം, ആശാവർക്കർമാർ, സന്നദ്ധസേവകർ, ഇആർടി, ആർആർടികളുടെ സേവനവും നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സാമൂഹ്യസുരക്ഷാ പദ്ധതികൾ, 14–-ാം പദ്ധതി മാർഗരേഖാ നിർദേശങ്ങൾ, സ്‌പോൺസർഷിപ് എന്നിവ വഴി ചികിത്സാസഹായം ഒരുക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് മാനസികാരോഗ്യകേന്ദ്രങ്ങൾക്കൊപ്പം താലൂക്ക് -ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവയുമായും ബന്ധിപ്പിക്കും. ചികിത്സയ്ക്കുശേഷം ഇവരെ പുനരധിവസിപ്പിക്കും.

വർഷംതോറും പുതുക്കും
ഓരോ വർഷവും കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അതിദാരിദ്ര്യനിർമാർജന പദ്ധതി പുതുക്കും. അതിദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്ന കുടുംബങ്ങളെ പ്രോജക്ടുകളിൽനിന്ന്‌ ഒഴിവാക്കും. പദ്ധതി നിർവഹണത്തിലേക്ക് കടക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾക്ക് അഞ്ചു ലക്ഷവും മുനിസിപ്പാലിറ്റികൾക്ക് 10 ലക്ഷവും കോർപറേഷനുകൾക്ക് 15 ലക്ഷം രൂപയും പൊതുവിഭാഗം വികസന ഫണ്ടിൽനിന്ന് ഉപയോഗിക്കാം.

പദ്ധതിയുടെ സുഗമമായ നിർവഹണത്തിന്‌ അധിക വിഭവസമാഹരണം നടത്താം. സംഭാവനകൾ നിക്ഷേപിക്കുന്നതിനും വിനിയോഗിക്കുന്നതിനും തദ്ദേശസ്ഥാപന നോഡൽ ഓഫീസറുടെ പേരിൽ പ്രത്യേക അക്കൗണ്ട് തുറക്കണം. പ്രദേശത്തുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയും പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുടെ യോഗങ്ങൾ തദ്ദേശസ്ഥാപന കോ–- ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി വിളിച്ചുചേർക്കാം. പദ്ധതി ആസൂത്രണ-നിർവഹണ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാനുള്ള നടപടിയും തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കണം.

പ്രവർത്തന കലണ്ടർ സജ്ജം
അതിദാരിദ്ര്യ നിർമാർജനത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ശിൽപ്പശാല നടത്തും. പരിശീലനങ്ങളും സാങ്കേതിക സഹായവും കില നൽകും. അതിദരിദ്രരെ കണ്ടെത്തിയ വാർഡുകളിൽ വാർഡുതല സമിതി ചേർന്ന്‌ ഓരോ കുടുംബത്തെയും എങ്ങനെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കാം എന്ന്‌ ചർച്ചചെയ്യും. കുടുംബങ്ങളുടെ അഭിപ്രായംകൂടി സ്വരൂപിക്കും. തുടർന്ന്‌ പഞ്ചായത്ത്‌ തലത്തിൽ ശിൽപ്പശാല സംഘടിപ്പിക്കും. ചുമതല കുടുംബശ്രീ എഡിഎസിനാണ്‌. മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന്‌ പരിശീലനം ലഭിച്ച റിസോഴ്‌സ്‌ പേഴ്‌സണും പങ്കെടുക്കും. കുടുംബത്തെ അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കാൻ എന്തൊക്കെ പിന്തുണവേണം.

അവ ലഭ്യമാക്കുന്നതെങ്ങനെ, ഏതൊക്കെ സ്ഥാപനങ്ങളെയും സംഘടനകളെയും ഉപയോഗിക്കാം, ഏതെല്ലാം രേഖ വേണം, എത്ര കാലം പിന്തുണ നൽകണം, എത്ര ചെലവ്‌ വരും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തും. പ്രവർത്തന കലണ്ടറും പ്രസിദ്ധീകരിച്ചു.

പ്രവർത്തന കലണ്ടർ
ജനപ്രതിനിധികൾക്കുള്ള ജില്ലാതല ശിൽപ്പശാല – ജൂലൈ 15–-20
അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കലക്ടർമാർക്ക്‌ ഓറിയന്റേഷൻ 20
കില റിസോഴ്‌സ്‌ പേഴ്‌സണുള്ള പരിശീലനം 20
വിവിധ തലങ്ങളിലുള്ള സമിതിയെ പുനഃസംഘടിപ്പിക്കൽ 22
സംസ്ഥാനതല സെക്രട്ടറിമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള ജില്ലാതല പരിശീലനം 25നകം
തദ്ദേശതല സമിതി അംഗങ്ങൾക്കുള്ള പരിശീലനം ആഗസ്‌ത്‌ 1–-5
കുടുംബങ്ങളുടെ വിവരങ്ങളും കണ്ടെത്തിയ ദാരിദ്ര്യാവസ്ഥയുടെ പ്രാഥമിക അവലോകനവും ആഗസ്‌ത്‌ 7–-12
വാർഡ്‌, പഞ്ചായത്ത്‌ തല മൈക്രോപ്ലാൻ വർക്‌ഷോപ്‌ ആഗസ്‌ത്‌ 10–-15
തദ്ദേശഭരണതലത്തിൽ ക്രോഡീകരണം ആഗസ്‌ത്‌ 20നകം
ബ്ലോക്ക്‌ തലം ആഗസ്‌ത്‌ 25നകം
ജില്ലാതലം ആഗസ്‌ത്‌ 31നകം

നടപ്പാക്കുന്നത്‌ പ്രധാന വാഗ്‌ദാനം: മന്ത്രി ഗോവിന്ദൻ
എൽഡിഎഫ്‌ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ്‌ അതിദാരിദ്ര്യ നിർമാർജനമെന്നും പദ്ധതി നടപ്പാക്കൽ സത്വര ദൗത്യമായി ഏറ്റെടുത്തതായും തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുക. നിലവിലുള്ള എല്ലാ കേന്ദ്ര––സംസ്ഥാനാവിഷ്കൃത പദ്ധതികളുടെയും ഫലപ്രദമായ സംയോജനത്തിലൂടെയാകുമിതെന്നും മന്ത്രി പറഞ്ഞു.

Related posts

നോട്ട്‌ നിരോധനം പരാജയം ; പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രം

Aswathi Kottiyoor

വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി

Aswathi Kottiyoor

പേവിഷ പ്രതിരോധ കുത്തി‍‍വയ്പ്; തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി പച്ചനിറം

Aswathi Kottiyoor
WordPress Image Lightbox