Uncategorized

ബില്ലുകൾ പാസാക്കാനുള്ള വോട്ടുകൾ ഉറപ്പെന്ന് പ്രധാനമന്ത്രി, മണ്ഡല പുനർനിർണയ, വനിതാ ബില്ലുകളിലെ ഭേദഗതികൾ അംഗീകരിച്ചു

ദില്ലി: മണ്ഡല പുനർ നിർണയ, വനിതാ പ്രാതിനിധ്യ ബില്ലുകളിലെ ഭേദഗതികൾ അംഗീകരിച്ച് കേന്ദ്ര മന്ത്രി സഭ. 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. വനിതാ പ്രാതിനിധ്യ ബില്ലും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ബില്ലുകൾ പാസാക്കാനുള്ള വോട്ടുകൾ ഉറപ്പെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ നിന്ന് മാറ്റങ്ങൾ വരുത്തിയാകും സഭയിൽ കൊണ്ടുവരികയെന്ന് സൂചനയുണ്ടായിരുന്നു. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കേന്ദ്രം വീണ്ടും ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ തേടിയാണ് ബിജെപിയുടെ നീക്കം. ഡി എം കെയുടെ 22 അംഗങ്ങൾ, എൻ സി പി (ശരദ് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈ എസ് ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കാനായാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നിരയിലെ ചില എംപിമാർ വിട്ടുനിൽക്കുക കൂടി ചെയ്താൽ ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് എണ്ണം കുറയുമെന്നും സർക്കാർ കരുതുന്നു. തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ ഡിഎംകെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡിഎംകെ നേതാവ് ഇളങ്കോവൻ വ്യക്തമാക്കി.

അതേസമയം മണ്ഡല പുനർനിർണയം ബിജെപിയുടെ രാഷ്ട്രീയ മണ്ടത്തരമാകുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. വോട്ടുകൾ ചോരാതിരിക്കാൻ പ്രതിപക്ഷം വിപ്പ് നൽകുകയും കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി യോഗം ചേരുകയും ചെയ്യുന്നുണ്ട്. എൻസിപി (ശരദ് പവാർ) വിഭാഗം ഇന്ത്യാ സഖ്യത്തിനൊപ്പം തന്നെ നിലയുറപ്പിച്ചാൽ കേന്ദ്രത്തിന്റെ നീക്കം വീണ്ടും പൊളിയുമെന്ന വിലയിരുത്തലുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button