Uncategorized

85-കാരന് സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കണം; മകനോടും മരുമകളോടും നാലാഴ്ചയ്ക്കുള്ളിൽ വീട് ഒഴിയാൻ ദില്ലി ഹൈക്കോടതി

ദില്ലി- മാതാപിതാക്കൾ സ്വന്തമായി സമ്പാദിച്ച വീട്ടിൽ അവരുടെ സമ്മതമില്ലാതെ മക്കൾക്കും മരുമക്കൾക്കും താമസിക്കാൻ അവകാശമില്ലെന്ന് ദില്ലി ഹൈക്കോടതി. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ, അവർ തന്നെ ഉപദ്രവിച്ചുവെന്ന് മാതാപിതാക്കൾ തെളിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 85 കാരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. മകനോടും മരുമകളോടും നാലാഴ്ചയ്ക്കുള്ളിൽ വീട് ഒഴിയാനും കോടതി നൽകിയ നിർദ്ദേശത്തിലുണ്ട്.

കേസിന്റെ പശ്ചാത്തലം

1980-ൽ ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് സ്വന്തമാക്കിയ ഫ്ലാറ്റിലാണ് 85-കാരനായ പരാതിക്കാരൻ താമസിക്കുന്നത്. 2003-ലെ വിവാഹത്തിന് ശേഷം മൂത്ത മകനും ഭാര്യയും ഇദ്ദേഹത്തിനൊപ്പം താമസമാക്കിയിരുന്നു. പിന്നീട് മറ്റ് മക്കളുടെ വിവാഹം കഴിഞ്ഞതോടെ താമസസൗകര്യം തികയാതെ വന്നതിനാൽ വീടൊഴിയാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. ഭാര്യയുടെ മരണശേഷം ഇവരുടെ ഉപദ്രവവും ഭീഷണിയും രൂക്ഷമായതോടെയാണ് പിതാവ് പൊലീസിനെയും മുതിർന്ന പൗരന്മാരുടെ ക്ഷേമ ട്രൈബ്യൂണലിനെയും സമീപിച്ചത്.

കോടതിയുടെ നിരീക്ഷണം

നേരത്തെ ജില്ലാ മജിസ്‌ട്രേറ്റും ഡിവിഷണൽ കമ്മീഷണറും പിതാവിന്റെ ആവശ്യം തള്ളിയിരുന്നു. എന്നാൽ, വീടിന്റെ പൂർണ്ണ ഉടമസ്ഥൻ പിതാവാണെന്നും ബന്ധത്തിന്റെ പേരിൽ മാത്രമാണ് മകനും മരുമകളും അവിടെ താമസിച്ചിരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സഹോദരങ്ങൾ തമ്മിൽ ബിസിനസ് തർക്കമുണ്ടെന്നത് പിതാവിന്റെ പരാതി തള്ളിക്കളയാനോ നിയമപരമായ സംരക്ഷണം നിഷേധിക്കാനോ കാരണമാകില്ലെന്നും കോടതി ചൂണ്ടികാട്ടി.

കോടതി വിധി

85-ാം വയസ്സിൽ സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ പിതാവിന് അവകാശമുണ്ടെന്നും ഇഷ്ടമില്ലാത്തവരുമായി വീട് പങ്കിടാൻ ഒരു വയോധികനെ നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് മുൻ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി, നാലാഴ്ചയ്ക്കുള്ളിൽ വീട് ഒഴിയാൻ മകനോടും മരുമകളോടും നിർദ്ദേശിക്കുകയും ആവശ്യമെങ്കിൽ ഇതിനായി പൊലീസിന്റെ സഹായം നൽകാൻ ഉത്തരവിടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button