Uncategorized

പൊലിസിന്‍റെ മൂക്കിൻതുമ്പത്ത് വീണ്ടും മോഷണം; തൃശൂരിൽ ക്ഷേത്രത്തിന്‍റെ പൂട്ടുപൊളിച്ച് മോഷണം

തൃശൂർ: പൊലിസിന്‍റെ മൂക്കിൻ തുമ്പത്ത് വീണ്ടും മോഷണം. ഡിഐജി ഒഫിസിന് തൊട്ടടുത്തുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ വാതിലിന്‍റെ പൂട്ടുതകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലും പുറത്തെ വഴിപാട് കൗണ്ടറും മോഷ്ടാവ് തുറന്നിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ആറുമാസങ്ങൾക്ക് മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. സിസിടിവി കാമറകൾ ഇല്ലാത്ത ഇവിടെ ഇക്കാര്യം അറിയുന്ന മോഷ്ടാവായിരിക്കാം മോഷണം നടത്തിയതെന്നാണ് കരുതുന്നത്. നിലവിൽ ഒരു നിലവിളക്ക് മോഷണം പോയതായി പറയുന്നുണ്ടങ്കിലും കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പുവരുത്തുവാൻ സാധിക്കു.

അതേസമയം അമ്പലത്തിനു മുമ്പിലും റോഡരികിലും രണ്ടു ഭണ്ഡാരങ്ങൾ ഉണ്ടെങ്കിലും അത് തുറക്കാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളില്ല. സിസിടിവികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മോഷ്ടാവിനെ കണ്ടെത്താൻ സാധിക്കുകയുള്ളു.ഡിഐജി ഓഫിസിന് പുറമെ കമ്മീഷണർ ഓഫിസ്, ഈസ്റ്റ് പൊലിസ് സ്റ്റേഷനുകളുടെ സമീപം തന്നെയാണ് ക്ഷേത്രമെന്നിരിക്കെ മോഷണത്തിന് പിറകിൽ ഇതരസംസ്ഥാനക്കാരോ, നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണോയെന്നും അന്വേക്ഷിക്കുന്നുണ്ട്.

മോഷണം നടന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പതിവ് പൂജകൾ ഉൾപ്പെടെയുള്ളവയും മുടങ്ങി. വിവരം അറിഞ്ഞ് പൊലിസ്, ഫിംഗർ പ്രിന്‍റ് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടരുന്നുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. രവീന്ദ്രനും ക്ഷേത്രത്തിൽ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button