എന്റെ ഡയറി തുറപ്പിക്കരുത്, ആശാനും ശിഷ്യനും എല്ലാം കുടുങ്ങും;ഷാഫിക്കെതിരെ പൊട്ടിത്തെറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താന്‍. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിലെ ആരേയും കണ്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി. പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് ഉണ്ണിത്താന്‍ ഓര്‍മ്മപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഒഫ് പൊളിറ്റിക്‌സില്‍ പഠിച്ച് എല്ലാവരും സരിത കേസ് വന്നപ്പോള്‍ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ചിലര്‍ കുട പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ സി ജോസഫ്, എ പി അനില്‍ കുമാര്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണം എല്ലാം താന്‍ പരിശോധിച്ചു. അപ്പോഴാണ് നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കടന്നാക്രമണം.
സോളാര്‍ കേസ് കെട്ടടങ്ങിയ ശേഷം കേരളത്തിലെ ഒരു ഉന്നതനായ നേതാവ് ഓണക്കാഴ്ചയുമായി തന്റെ വീട്ടില്‍ വന്നു. അദ്ദേഹം തനിക്ക് ഒരു ഓണക്കോടി തന്നു. അദ്ദേഹം പറഞ്ഞത് അത് അദ്ദേഹത്തിന്റെ ഭാര്യ തന്നതാണെന്നാണ്. സോളാര്‍ കേസ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ താങ്ങി നിര്‍ത്തിയത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാത്രമാണെന്ന് ആ നേതാവ് പറഞ്ഞു. ആ ആള് വരെ ഇന്ന് തനിക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആസ്വദിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിലിനെതിരെ താന്‍ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല. അയാള്‍ എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. തന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഒരു മുതിര്‍ന്ന നേതാവും ഷാഫി പറമ്പിലിനെ വിളിച്ച് അതിനെതിരെ സംസാരിച്ചിട്ടില്ല. ഈ ആസ്വാദനത്തിനൊന്നും ആധികം ആയുസുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.




