പിഎസ്സി പരീക്ഷാ ക്രമക്കേട്; 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല എന്നാണ് എസ്ഐടി കണ്ടെത്തിയത്. ഉത്തര കടലാസിന്റെ പകര്‍പ്പിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പൊതുസേവകന്റെ പദവി ദുര്‍വിനിയോഗം കുറ്റവും ചുമത്തിയിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. പിഎസ്സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിഎസ്സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും




