‘വിവാദത്തിന് കാരണം ചിലരുടെ അൽപ്പത്തരം;പാലം പണി തുടങ്ങി ഭൂരിഭാഗവും പൂർത്തിയാക്കിയത് 2018ലെന്നതിൽ തർക്കമില്ല’

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കോഴഞ്ചേരി പാലത്തെ ചൊല്ലി തര്‍ക്കം തുടരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണോ അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണോ പാലം പദ്ധതി കൊണ്ടുവന്നത് എന്നതിലാണ് അവകാശവാദം ഉയര്‍ന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ എംഎല്‍എമാരായ വീണാ ജോര്‍ജിനെയും എ കെ ശിവദാസന്‍ നായരെയും അബിന്‍ വര്‍ക്കി ക്ഷണിച്ചിട്ടുണ്ട്.
2016 ല്‍ തന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബജറ്റില്‍ പാലം പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് വീണാ ജോര്‍ജിന്റെ നിലപാട്. എന്നാല്‍ പാലത്തിന്റെ ക്രെഡിറ്റില്‍ തര്‍ക്കം ആവശ്യമില്ലെന്നും 2012ല്‍ ശിവദാസന്‍ നായര്‍ തുടങ്ങിവെച്ച പദ്ധതി വീണാ ജോര്‍ജ് ഏറ്റെടുത്ത് ഭൂരിഭാഗം പണിയും നടത്തുകയായിരുന്നുവെന്നും അപ്രോച്ച് റോഡ് അടക്കം കുറേയധികം പണികള്‍ താനും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.
‘യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ നാളെ നമ്മള് പാലം ഉദ്ഘാടനം ചെയ്യും. നാടിന്റെ ജനകീയ ഉത്സവമാകും. ചിലയാളുകളുടെ അല്‍പ്പത്തരമാണ് വിവാദത്തിന് ആസ്പദം. വളരെ മാന്യമായി പാലത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവരേയും ചേര്‍ത്തുനിര്‍ത്തിയുള്ള ഉദ്ഘാടനമാണ് പ്ലാന്‍ ചെയ്തത്. പാലത്തിന്റെ ആദ്യഘട്ടത്തില്‍ രണ്ട് കോടി അനുവദിക്കുന്നത് 2012-13 വര്‍ഷത്തില്‍ കെ എം മാണി ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെയാണ്. അന്ന് ശിവദാസന്‍ നായരായിരുന്നു എംഎല്‍എ. അതിന്റെ രേഖകള്‍ എന്റെ കയ്യിലുണ്ട്. എന്നാല്‍ പാലത്തിന്റെ പ്രധാന പണികള്‍ തുടങ്ങുന്നത് 2018ല്‍ ആയിരുന്നു. 2026ല്‍ പൂര്‍ത്തീകരിച്ചു’, അബിന്‍വര്‍ക്കി പറഞ്ഞു. 2018ലാണ് പാലം പണി തുടങ്ങിയതെന്നതിലും ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് എന്നതിലും യാതൊരു തര്‍ക്കവുമില്ലെന്നും എംഎല്‍എ പറയുന്നു.
അതേസമയം മുന്‍ എംഎല്‍എ എന്ന നിലയില്‍ തന്നെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കാതെയായിരുന്നു വീണാ ജോര്‍ജ് മുന്നോട്ട് പോയതെന്നാണ് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരുടെ ആരോപണം. ഏതെങ്കിലും ഒരു പരിപാടിയില്‍ തന്റെ പേര് വെച്ചിരുന്നോവെന്നും മുന്‍ എംഎല്‍എ ചോദിക്കുന്നു.
‘ആഞ്ഞിലിമൂട്ടില്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്തപ്പോഴും അറിയിച്ചില്ല. എന്നോട് മിണ്ടിയില്ല. തിരുവല്ല കുമ്പഴ സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്തു. 2016ല്‍ ഇടതുസര്‍ക്കാര്‍ കയറി രണ്ടാമത്തെ മാസം റോഡ് ഉദ്ഘാടനം നടത്തി. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്കും എന്നെ വിളിച്ചില്ല. ഞാന്‍ എന്തിനാ ആവശ്യമില്ലാത്ത പരിപാടിക്ക് പോകുന്നത്’, കെ ശിവദാസന്‍ നായര്‍ ചോദിക്കുന്നു. കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണത്തിന് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതാണെന്നത് തെറ്റായ പ്രചരണമാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്ന ആറന്മുള എംഎല്‍എ മാപ്പ് പറയണമെന്നുമായിരുന്നു വീണാ ജോര്‍ജ് ആവശ്യപ്പെട്ടത്.




