Uncategorized

രണ്ടു തവണ കാപ്പ ചുമത്തിയിട്ടും മര്യാദക്കാരനായില്ല; ക്രിമിനല്‍ കേസ് പ്രതിയെ മൂന്നാംതവണയും പൂട്ടി പൊലിസ്

കോഴിക്കോട്: ടൗണ്‍ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ചാപ്പയില്‍ സ്വദേശി തലനാര്‍തൊടിക വീട്ടില്‍ കെ.ടി.അര്‍ഫാനെ (24) കാപ്പ ചുമത്തി ജയിലിലടച്ചു.

ചേവായൂര്‍, പന്നിയങ്കര, കസബ, വെള്ളയില്‍, ടൗണ്‍ പൊലിസ് സ്‌റ്റേഷനുകളില്‍ അര്‍ഫാനെതിരേ കേസുകളുണ്ട്. ഒറ്റയ്ക്കും സംഘം ചേര്‍ന്നും ആളുകളെ തടഞ്ഞു നിര്‍ത്തി സ്വര്‍ണവും മൊബൈല്‍ ഫോണുകളും വിലകൂടിയ വസ്തുക്കളും കവര്‍ച്ച ചെയ്തതിനും ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയതിനും, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് പണവും മറ്റും നല്‍കി അവരെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതിനും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനുമായി നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് ജയിലിലായ പ്രതി ഒരു പ്രാവശ്യം ആറ് മാസവും പിന്നീടൊരു തവണ ഒരു വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഒരു മോഷണകേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ കഴിഞ്ഞു വരികെയാണ് കാപ്പ ചുമത്തപ്പെട്ട് വീണ്ടും ജയിലിലാകുന്നത്.

ടൗണ്‍ പോലിസ്‌ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധനഞ്ജയ ദാസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ പദം സിംഗ് സമര്‍പ്പിച്ച ശിപാര്‍ശയിലാണ് കോഴിക്കോട് ജില്ലാകളക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button