ബീഹാറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി; 8 മരണം

ബീഹാറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. സിവാൻ ജില്ലയിലാണ് സംഭവം. സ്ഫോടനത്തിൽ നിരവധിപേർക്ക് ഗുരുതര പരുക്കേറ്റു. സ്ഫോടനത്തിൽ 8 തൊഴിലാളികൾ മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനം അതിശക്തമായിരുന്നു. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തുനിന്നുള്ള അവശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചു. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിപോയതിനാൽ ഇവരെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.സ്ഫോടനത്തിൽ തകർന്ന പടക്ക നിർമ്മാണ യൂണിറ്റ്, പ്രമുഖ പടക്ക വ്യാപാരിയായി അറിയപ്പെടുന്ന മുഹമ്മദ് അമീറുദ്ദീൻ മിയാൻ എന്നയാളുടെ വീട്ടിലാണ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പടക്കങ്ങൾ പൊട്ടിത്തെറിച്ച സമയത്ത് വീട്ടിൽ പലരും ഉണ്ടായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് തീ പടരുകയും, തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു.




