Uncategorized

റബ്ബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ഒരു മാസം മുൻപ് കാണാതായ 52കാരന്‍റേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിലെ പാലമേൽ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മനുഷ്യന്‍റെ ജീർണിച്ച തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തലയോട്ടിയും അസ്ഥികളും പല സ്ഥലങ്ങളിലായി കിടക്കുന്നത് കണ്ടത്. തോട്ടത്തിലെ റബ്ബർ മരങ്ങളുടെ ചുവട് വൃത്തിയാക്കുകയായിരുന്ന സമീപവാസിയായ രാമചന്ദ്രനാണ് ഇവ ആദ്യം കണ്ടത്. തുടർന്ന് നൂറനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി.

തലയോട്ടി കിടന്നതിനടുത്തായി പല ഭാഗങ്ങളിലായാണ് എല്ലിൻ കഷണങ്ങൾ ചിതറിക്കിടന്നിരുന്നത്. മൃതദേഹം വന്യജീവികൾ വലിച്ചു കൊണ്ടുപോയതാകാമെന്നാണ് കരുതുന്നത്. തലയോട്ടിക്കടുത്തായി തുണികൾ നിറച്ചിരുന്ന സഞ്ചിയും വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തു. തോട്ടത്തിനടുത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കുമാറാണ് (52) മരിച്ചതെന്ന് സാഹചര്യ തെളിവുകളിൽ നിന്ന് നാട്ടുകാരും പൊലീസും സംശയിക്കുന്നു.

വാളയാറിൽ ജോലിക്ക് പോകാറുള്ള തൊഴിലാളിയായ കുമാറിനെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി യാതൊരു വിവരവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബവുമായി അകന്നു കഴിയുന്ന ഇയാൾ വീടിനു സമീപത്തെ പറമ്പിലും റോഡിലുമൊക്കെ കിടന്നുറങ്ങാറാണ് പതിവെന്നും അയൽവാസികൾ പറയുന്നു. വൈകുന്നേരത്തോടെ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നൂറനാട് എസ് എച്ച് ഒ രതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button