Uncategorized

‘സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിൽ, നിലവിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുറത്തു നിന്നും വാങ്ങേണ്ട അവസ്ഥ’: വി ശിവൻകുട്ടി

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 23.5 ലക്ഷം വിദ്യാർഥികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

ക്ഷേമ ആശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കുടിശികയാണ്. നിലവിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പണം കൊടുത്ത് പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലാണ് സ്കൂളുകൾ. അധ്യാപകർ പണയം വെച്ചാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്. എൽഡിഎഫ് സർക്കാർ ഉച്ചഭക്ഷണ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മെനു പ്രകാരമായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഈ സർക്കാർ ആദ്യം മെനു വെട്ടി കുറച്ചുവെന്നും ഇപ്പോൾ അതിനായുള്ള പണവും നൽകുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.അങ്കണവാടിയിലെ പോഷകാഹാരം വിതരണവും പ്രതിസന്ധിയിലാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് ഇതിന് കാരണം. എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്ലസ് വണ്ണിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിച്ചത് സ്വകാര്യ സ്കൂളുകൾക്കാണെന്നും ശിവൻകുട്ടി. കോടികളുടെ അഴിമതിയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. സർക്കാർ ഇക്കാര്യം അന്വേഷിക്കണം. കഴിഞ്ഞ സർക്കാരി​ന്റെ കാലത്ത് സർക്കാർ സ്കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.

സ്കൂൾ കായികമേള ഇന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മേളയായിരുന്നുവെന്നും ഇപ്പോൾ ക്യാൻസൽ ചെയ്യപ്പെട്ട മേളയായി എന്നും ശിവൻകുട്ടിയുടെ വിമർശനം. സ്വർണക്കപ്പ് എവിടെ എന്നതിലും വ്യക്തതയില്ല. മത്സരങ്ങൾ ആരംഭിക്കുമ്പോൾ അത് കാണിക്കേണ്ടതാണ്.
പതാകയും കാണ്മാനില്ല. ഓരോ പ്രദേശത്തും ലീഗിന്റെ നേതാക്കളെയാണ് നടത്തിപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാർ ഭരണം ആരംഭിച്ചത് മുതൽ എടുക്കുന്ന തീരുമാനങ്ങൾ ബിജെപിക്ക് അനുകൂലമായതാണെന്നും ശിവൻകുട്ടിയുടെ വിമർശനം.സുഗതൻ്റെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മേയറാണ് വ്യാജ ഒപ്പ് ഇടുന്നതിനു വേണ്ടിയുള്ള സാഹചര്യം സൃഷ്ടിച്ചത്. ഇങ്ങനെ ഒരു മേയറെ കോർപറേഷൻ കണ്ടിട്ടില്ല. യുഡിഎഫ് സർക്കാരാണ് ഇങ്ങനെ ഒരു ഭരണം നഗരസഭയിൽ നടത്തിക്കൊണ്ടു പോകുന്നതിന് എല്ലാ ഒത്താശയും ചെയ്യുന്നത്. കോർപറേഷൻ മേയർ ധനാഢ്യന്മാരിൽ നിന്ന് കോടികൾ പിരിച്ചെടുക്കുന്നു. എത്ര തുക പിരിച്ചെടുത്തു എന്നതിന് കണക്കുണ്ടോ. എന്തിനുവേണ്ടി ചെലവാക്കി. സംസ്ഥാന സർക്കാരിൻറെ അനുമതി വേണം ഇത്തരത്തിൽ പിരിവ് നടത്താൻ. ആ അനുവാദം സർക്കാർ നൽകിയിട്ടുണ്ട്. മേയർക്ക് ആ സീറ്റിൽ ഇരിക്കുന്നതിന് വേണ്ടി ഒരു അധികാരവുമില്ല.
സാധാരണക്കാരുടെ ചെല്ലാൻ കഴിയാത്ത ഒരു സ്ഥാപനമായി നഗരസഭ മാറിയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button