Uncategorized

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കും; ആധുനികവത്കരണത്തിന് ഊന്നൽ നൽകി അസം റൈഫിൾസ് കമാൻഡേഴ്സ് കോൺഫറൻസ്

ഷില്ലോങ്: ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഊന്നൽ നൽകി അസം റൈഫിൾസ് കമാൻഡേഴ്സ് കോൺഫറൻസ്. ഈ മാസം 12, 13 തീയതികളിൽ ഷില്ലോങ്ങിലെ ലെയ്റ്റ്കോറിലുള്ള അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ആസ്ഥാനത്താണ് രണ്ടുദിവസത്തെ സമ്മേളനം നടന്നത്. അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേരയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ ഫോർമേഷൻ കമാൻഡർമാർ, ബറ്റാലിയൻ കമാൻഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുക, സേനയുടെ പ്രവർത്തന സജ്ജത പരിശോധിക്കുക, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ അതിർത്തി നിയന്ത്രണം ശക്തമാക്കൽ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, ഏത് സാഹചര്യവും നേരിടാൻ സേനയെ സജ്ജമാക്കൽ എന്നിവ ചർച്ചയായി. സേനയുടെ ആധുനികവത്കരണം, അത്യാധുനിക ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഉൾപ്പെടുത്തൽ, പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം, രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനം, വിവിധ സുരക്ഷാ ഏജൻസികളുടെ സംയുക്ത പ്രവർത്തനം എന്നിവയും ചർച്ചയായി.

പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, സൈനികരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ അസം റൈഫിൾസിന്റെ പ്രവർത്തന നേട്ടങ്ങൾ ഡയറക്ടർ ജനറൽ വിലയിരുത്തി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സേനാംഗങ്ങൾ കാട്ടുന്ന അർപ്പണബോധത്തെയും പ്രൊഫഷണലിസത്തെയും മേധാവി അഭിനന്ദിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും സേനയുടെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങളോടെയാണ് സമ്മേളനം സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button