മൊബൈൽ ഫോണും സ്വർണമാലയും വാങ്ങാൻ സ്വന്തം കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആഡംബര ജീവിതം നയിക്കാനും മൊബൈൽ ഫോണും സ്വർണമാലയും വാങ്ങാനുമായി ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ വിറ്റ സംഭവത്തിൽ ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഹൈദരാബാദിൽ നിന്ന് പൊലിസ് കണ്ടെത്തി
ലിവിംഗ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന ദമ്പതികൾ തങ്ങളുടെ ഒരുമാസം പ്രായമുള്ള ആൺകുഞ്ഞിനെ 1.2 ലക്ഷം രൂപയ്ക്കാണ് സീമ രേഷ്വാൽ എന്ന ഇടനിലക്കാരിക്ക് വിറ്റത്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് മൊബൈൽ ഫോണുകളും ഒരു സ്വർണമാലയും വാങ്ങുകയായിരുന്നു.
സീമ രേഷ്വാൽ വഴി പടേഗാവ് സ്വദേശി സംഗീത അവ്ഹാദ് 2.7 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങി. തുടർന്ന് വ്യാജ ഡോക്ടറായ സുരേഷ് ഗുണ്ടുക്ക എന്നയാൾ 3.5 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ കൈക്കലാക്കുകയും ഒടുവിൽ ഹൈദരാബാദിൽ താമസിക്കുന്ന ഉമ ഖത്കം എന്ന ബന്ധുവിന് 3.5 ലക്ഷം രൂപയ്ക്ക് വീണ്ടും വിൽകുകയും ചെയ്തു.
സെപ്റ്റംബർ 20-ന് തനിക്ക് മർദനമേറ്റുവെന്ന് കാണിച്ച് കുഞ്ഞിന്റെ അമ്മ പൊലിസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. 550 കിലോമീറ്ററിലധികം അകലെ ഹൈദരാബാദിൽ എത്തിയാണ് പൊലിസ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരായ സീമ രേഷ്വാൽ, സംഗീത അവ്ഹാദ്, വ്യാജ ഡോക്ടർ സുരേഷ് ഗുണ്ടുക്ക ഉൾപ്പെടെയുള്ള ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾ വാങ്ങിയ മൊബൈൽ ഫോണുകളും സ്വർണമാലയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷം നടന്നുവരികയാണ്.




