ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ കാറിന് മുകളില്‍ ചാടിക്കയറി; പൊലീസുകാരനുമായി കാറ് സഞ്ചരിച്ചത് 40കിമീ

കോയമ്പത്തൂര്‍: ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ കടന്നുപോയ കാറ് പിടികൂടാനായി അതിന് മുകളില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥനുമായി കാറ് സഞ്ചരിച്ചത് 40 കിലോമീറ്റര്‍. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലാണ് നടകീയ സംഭവം അരങ്ങേറിയത്. പുകയില കടത്തുകാരെ പിടികൂടാനായി ആയിരുന്നു പൊലീസ് പരിശോധന നടന്നിരുന്നത്. പിന്നാലെ അവിടെ എത്തിയ ഹുണ്ടായി ക്രെറ്റ കാര്‍ നിര്‍ത്താതെ പോകാന്‍ തുടങ്ങിയപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍ വളരെ വേഗം കാറിന് മുകളില്‍ ചാടിക്കയറുകയായിരുന്നു.
കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ളതായിരുന്നു കാര്‍. കള്ളക്കടത്തുകാരാകാം കറില്‍ ഉണ്ടായിരുന്നത് എന്നാണ് പൊലീസ് സംശയം. പിന്നാലെ ബൈക്കുകളിലായി പൊലീസുകാര്‍ കാറിനെ പിന്തുടര്‍ന്നു. കാറിന് മുകളിലുണ്ടായിരുന്ന വേല്‍മുരുകന്‍ കാറ് നിര്‍ത്താനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ 40 കിലോമീറ്ററോളം ഇവര്‍ കാറ് നിര്‍ത്താതെ മുന്നോട്ട് തന്നെ പോകുകയായിരുന്നു. പിന്നാലെ പൊലീസ് കാറ് കോയമ്പത്തൂര്‍ ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തി അതില്‍ ഉണ്ടായിരുന്നവരെ പിടികൂടുകയായിരുന്നു. വളരെ വേഗത്തില്‍ മുകളില്‍ തൂങ്ങിപ്പിടിച്ചുകിടക്കുന്ന വേല്‍മുരുകനുമായി കാറ് സഞ്ചരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കാറില്‍ നിന്ന് 300 കിലോഗ്രം ഗുഡ്ക ഉള്‍പ്പടെ നിരോധിത പുകയില ഉദ്പന്നങ്ങള്‍ പിടിച്ചടുത്തിട്ടുണ്ട്. മുന്ന് പേരെയാണ് കാറില്‍ നിന്ന് പിടികൂടിയത്. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് വിവരം. ഹെഡ് കോണ്‍സ്റ്റബിള്‍ കാറില്‍ തൂങ്ങിപ്പിടിച്ചുനില്‍ക്കെ, ബൈക്കില്‍ വാഹനത്തെ പിന്തുടരുകയായിരുന്ന സബ് ഇന്‍സ്പെക്ടര്‍ കണ്‍ട്രോള്‍ റൂമിലും ആംബുലന്‍സ് സേവന വിഭാഗത്തിലും വിവരം അറിയിച്ചിരുന്നു. ഈ ആംബുലന്‍സില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്.



