കാസർഗോഡ് മഞ്ചേശ്വരത്ത് വ്യാപാരിക്കുനേരെ വെടിയുതിർത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കാസർഗോഡ് മഞ്ചേശ്വരത്ത് വ്യാപാരിക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്ന് ക്വട്ടേഷൻ നൽകിയതാണെന്നാണ് സൂചന.
മിയാപ്പദവ് മീഞ്ച ബട്ട്യപ്പദവിൽ തിങ്കളാഴ്ച പകലാണ് എ എസ് ജനറൽ സ്റ്റോർ ഉടമ ശുഐബ് മൊയീൻ ഷേഖിനെതിരെ വെടിയുതിർത്തത്. നാലംഗ സംഘം ആദ്യം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആകാശത്തേക്കും പിന്നീട് ശുഐബിനെ ലക്ഷ്യമിട്ടും വെടിയുതിർക്കുകയായിരുന്നു. ഖാദർ മദങ്കൽ, മിയാപ്പദവ് റഹീം, അബൂബക്കർ സിദ്ദീഖ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കാറിലാണ് അക്രമി സംഘം എത്തിയത്. സംഘത്തിലൊരാൾ കാറിൽ നിന്ന് ഇറങ്ങി ശുഐബിന്റെ മുഖത്തടിച്ചു. മറ്റൊരാൾ കൊല്ലുമെന്ന് ഭീഷണിമുഴക്കി. ശുഐബും മച്ചംപാടി സ്വദേശിയും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്ത് ചൊവ്വാഴ്‌ച ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. ഇവർ സഞ്ചരിച്ച വാഹനവും ആയുധവും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.




