ആഭ്യന്തരമന്ത്രി എന്ന നിലയിൽ യോഗം വിളിച്ചിട്ടില്ല, യോഗം ലോകായുക്ത ആവശ്യപ്പെട്ടതനുസരിച്ച്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിമര്‍ശനം തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യോഗം വിളിച്ചുചേര്‍ത്തത് ലോകായുക്തയെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനാധിപത്യവിരുദ്ധമാണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം എന്നും രമേശ് ചെന്നിത്തല മറുപടി നൽകി.
‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള്‍ പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം. സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ചില ഇടപടെലുകള്‍ വേണമെന്നും അവര്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇത് അത്യാവിശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിനുസരിച്ചാണ് ഈ യോഗം നടന്നത്.’ രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി പലതവണ യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈക്കോടതിയെ സ്വാധീനിക്കാനാണ് ഇതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
‘ഇതിന് മുമ്പും ഇത്തരത്തില്‍ യോഗങ്ങള്‍ നടന്നിട്ടുണ്ട്. 2006 ആഗസ്റ്റ് മാസം ഒന്നാം തീയതി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ലോകായുക്തയുടെ യോഗം നടന്നിട്ടുണ്ട്. അന്നത്തെ ലോകായുക്ത ജസ്റ്റിസ് കെ ശ്രീധരന്, ഉപലോകായുക്തമാരായ ജസ്റ്റിസ് എന്‍ കൃഷ്ണന് നായര്‍, ജസ്റ്റിസ് കെ എ മുഹമ്മദ് ഷാഫി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരുമാണ് ആ യോഗത്തില്‍ പങ്കെടുത്തത്. അന്ന് അങ്ങ് സര്‍വ്വശക്തനായ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അന്നത്തെ അഭ്യന്തരമന്ത്രി അങ്ങയുടെ വിശ്വസ്തനായ അനുയായിയും. അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലോ’ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.’കഴിഞ്ഞ പത്തുവര്‍ഷമായി ലോകായുക്തയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട ഭരണപരമായി കാര്യങ്ങളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. അങ്ങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോകായുക്തയുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങയുടെ സര്‍ക്കാരിന്റെ ഈ നിസഹകരണം ലോകായുക്തയുടെ കാര്യ നിര്‍വ്വഹണത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ഭേദഗതികൊണ്ടുവന്നത്് ഏത് സാഹചര്യത്തിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുന്‍ മന്ത്രി കെ ടി ജലീല്‍ നടത്തിയ അധികാര ദുര്വ്വിനിയോഗമുള്പ്പെടെയുള്ളവ ലോകായുക്തയുടെ മുമ്പിലെത്തിയപ്പോഴായിരുന്നു അത്. ആ ഓര്‍മ്മ കൊണ്ടായിരിക്കും അട്ടിമറിയൊന്നൊക്കെ ഇപ്പോള്‍ പറയുന്നത്’, രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.




