കോവളം സ്പാ പീഡനക്കേസ്: ഒമ്പതാം പ്രതി പൊലീസ് പിടിയിൽ

കോവളം സ്പാ പീഡന കേസിലെ ഒമ്പതാം പ്രതി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശി ജിമിലിൻ ആണ് പിടിയിലായത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കരിങ്കൽ ഭാഗത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. കോവളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകത അന്വേഷണസംഘം കന്യാകുമാരിയിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ സ്പായിൽ എത്തിച്ച് പ്രതി നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ട്.
കോവളത്തെ ‘ഡ്രീംസ് ആയുർവേദിക് സ്പാ’ കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ ബന്ധുക്കളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളത്തിന് പുറമെ തമിഴ്നാട് (ഗുഡുവാഞ്ചേരി, ചെന്നൈ), മുംബൈ എന്നിവിടങ്ങളിലെ സ്പങ്ങളിലും വെച്ച് പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൽ പ്രതി അനുരൂപിനെ കുരുക്കിയത് ജി പേ വഴിയുള്ള പണമിടപാടുകളാണ്. അനുരൂപിന്റെ അക്കൗണ്ടിലേക്ക് മൂന്ന് മാസത്തോളം ദിവസേന പതിനായിരത്തിലധികം രൂപ എത്തിയതായാണ് വിവരം. സ്പാകളുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായും സൂചനയുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് വിവരം.




