Uncategorized

വീടു മുതല്‍ സ്റ്റേഷന്‍ വരെ സിയാദിനെ മര്‍ദിച്ചു; കുണ്ടറ കേസില്‍ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസിലെ പരാതിക്കാരിയാണ് പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിയാദിനെ വീട്ടില്‍നിന്ന് ഇറക്കിയതു മുതല്‍ സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ മര്‍ദിച്ചു എന്നാണ് വെളിപ്പെടുത്തല്‍. കൈകൊണ്ടായിരുന്നു മര്‍ദനമെന്നും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു.

വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള സീറ്റുകളിലാണ് സിപിഒ ശ്രീജിത്തും സിയാദും ഇരുന്നത്. കൈ കൊണ്ടായിരുന്നു മര്‍ദനം. മുതുകത്തായിരുന്നു മര്‍ദനം. സിയാദ് ഉമ്മയെ വിളിച്ച് നിലവിളിക്കുന്നുണ്ടായിരുന്നു. മര്‍ദിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നീട് അങ്ങോട്ടു നോക്കിയില്ലെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സഹോദരനെ കാണാനില്ലെന്ന പെൺകുട്ടിയുടെ പരാതിയിലായിരുന്നു സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പൊലീസിന്റെ ക്രൂരമർദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. സിയാദിന്റെ മകൾ എസ്.ഐയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നത്. സിയാദിന് ആരോഗ്യപ്രശ്നം ഉള്ളതായി മകള്‍ പൊലീസിനെ അറിയിച്ചിരുന്നു. മരുന്ന് കഴിച്ചു കിടക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. എന്നിട്ടും പൊലീസ് മര്‍ദിച്ചെന്ന് സിയാദ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് നട്ടെല്ലിൽ പഴുപ്പുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായും ശബ്ദരേഖയില്‍ കേള്‍ക്കാം.

അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു.

ശരീരമാസകലം മർദനമേറ്റതിന്റെ കഠിന വേദനയുമാണ് ആശുപത്രിയിൽ പോയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചാണ് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയത്. തുടർന്നാന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button