‘ഭീരുക്കൾ’; കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു, പിന്നാലെ പുനഃസ്ഥാപിച്ചു

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് പുലർച്ചെ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ 6.16-ഓടെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിവരം ദിപ്‌കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ചത്. എന്നാൽ 6.45-ഓടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്.
‘ഭീരുക്കൾ’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിപ്കെ വിവരം പങ്കുവച്ചത്. അക്കൗണ്ട് ലഭ്യമല്ല എന്ന് കാണിച്ച് അദ്ദേഹം സ്ക്രീൻ ഷോട്ടുകളും പങ്കിട്ടിരുന്നു. “സിജെപിയെ എതിർക്കുന്നവർ ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തു എന്നത് ലജ്ജാകരമാണ്. ഇത്തരം ഭീരുത്വപരമായ പ്രവർത്തികളിൽ ഞങ്ങൾ ഭയപ്പെടില്ല,” എന്ന് അഭിജീത് ദിപ്‌കെ പ്രതികരിച്ചു. നേരത്തെ ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിലും സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് സമാനമായ സസ്പെൻഷൻ നേരിടേണ്ടി വന്നിട്ടുണ്ട്. നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങളിൽ സിജെപി മുൻപന്തിയിലുണ്ട്. കഴിഞ്ഞ ജൂലൈ 22-ന് അക്കൗണ്ട് മരവിപ്പിച്ച സമയത്ത് ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്ന് ദിപ്‌കെ ആരോപിച്ചിരുന്നു




