വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; കാസർഗോഡ് മുൻ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ കോൺഗ്രസ് മുൻ പഞ്ചായത്ത് പ്രസിഡൻ്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. കാസർഗോഡ് ഈസ്റ്റ് ഏളേരിയിലെ ജെയിംസ് പന്തമാക്കലിനെ കുറ്റവിചാരണ ചെയ്യുന്നതിനാണ് തദ്ദേശ വകുപ്പ് അനുമതി നൽകിയത്.
കാസർഗോഡ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ 2005 മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ അംഗം, പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചയാളാണ് ജെയിംസ് പന്തമാക്കൽ.
2007 മുതൽ 2018 വരെയുള്ള കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയ കേസിലാണ് ജയിംസിനെ പ്രോസിക്യൂട്ട് ചെയ്യാൻ തദ്ദേശ വകുപ്പ് അനുമതി നൽകിയത്. 11 വർഷത്തിനിടെ 79 ലക്ഷം രൂപയുടെ സ്വത്ത് വാങ്ങുകയും 1 കോടി 34 രൂപ ചെലവഴിക്കുകയും ചെയ്തു. എന്നാൽ ഇക്കാലയളവിൽ വരുമാനമുണ്ടായിരുന്നത് 1 കോടി18 ലക്ഷം രൂപയാണ്. 95 ലക്ഷം രൂപ അധികമായി സമ്പാദിച്ചുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ഔദ്യോഗിക പദവിയിൽ ഇരിക്കുന്നയാൾ ആയതിനാൽ കുറ്റപത്രം സമർപ്പിച്ചുള്ള വിചാരണ നടപടികളിലേക്ക് കടക്കാൻ വിജിലൻസ് സർക്കാർ അനുമതി തേടുകയായിരുന്നു.
കോൺഗ്രസിൽ നിന്ന് പിളർന്ന് ഡിഐസി രൂപീകരിച്ച സമയത്ത് 2005ലാണ് ജെയിംസ് പന്തമാക്കൽ ആദ്യമായി പഞ്ചായത്ത് അംഗമാകുന്നത്. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും നേതൃത്വവുമായി ഇടഞ്ഞ് ജനാധിപത്യ വികസന മുന്നണി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് വൈസ് പ്രസിഡൻ്റും പ്രസിഡന്റുമെല്ലാമായി. 2023ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ജെയിംസ് കോൺഗ്രസ് ഓഫീസിൽ നേതാക്കളുമായി കയ്യാങ്കളി നടത്തിയത് വിവാദമായിരുന്നു. തുടർന്ന് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ജയിംസ് പന്തമാക്കൽ ഡിസിസി വൈസ് പ്രസിഡൻറ് സ്ഥാനം രാജി വെക്കുകയായിരുന്നു.




