മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം കൂട്ടി; ഇടവിട്ട് വൈദ്യുതി മുടങ്ങിയത് ഒരു മണിക്കൂറിലേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി ഉണ്ടായത് കടുത്ത വൈദ്യുതി നിയന്ത്രണം. രാത്രി പലവട്ടം വൈദ്യുതി മുടങ്ങി. ഇടവിട്ട് വൈദ്യുതി കട്ട് ചെയ്തത് ഒരു മണിക്കൂറിലേറെ സമയം ആയിരുന്നു. മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി നിയന്ത്രണം കൂട്ടിയത്. സംസ്ഥാനത്ത് പരിമിത തോതിലെന്ന് പറഞ്ഞ് ജൂൺ 16 മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.
ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി പല തവണയാണ് പവർകട്ട് ഉണ്ടായത്. തിരുവനന്തപുരം നഗരത്തിലടക്കം മൂന്നും നാലും തവണ 20 മിനിട്ടും അര മണിക്കൂറുമായി ഇടവേളകളിൽ കറണ്ട് പോയിരുന്നു. ഏകദേശം 700 മെഗാവാട്ടിൻ്റെ കുറവാണ് വൈദ്യുതി ലഭ്യതയിൽ ഉണ്ടായത് എന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് എന്നുമാണ് ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ വിശദീകരണം.
മഴ ലഭ്യതയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം കൂടേണ്ടതായിരുന്നു. പക്ഷെ കാലവർഷം ഇത്തവണ വളരെ കുറഞ്ഞതാണ് പ്രധാന പ്രതിസന്ധിയായത്. 36 ശതമാനം മഴയുടെ കുറവാണ് ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.




