ഉമർ ഖാലിദ് ദേശസ്നേഹി’; എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ

ബെംഗളൂരു: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിക്കെതിരായ എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി കെ ഹരിപ്രസാദ്. ഉമർ ഖാലിദ് ദേശസ്നേഹി ആണെന്ന് പറഞ്ഞ ബി കെ ഹരിപ്രസാദ്, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ എബിവിപിക്ക് യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിൽ എബിവിപി എതിർപ്പ് ഉയർത്തിയതിനിടെയാണ് ബി കെ ഹരിപ്രസാദിൻ്റെ പ്രതികരണം.
എബിവിപിക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് ബി കെ ഹരിപ്രസാദ് പറഞ്ഞു. “ഉമർ ഖാലിദ് ഒരു ദേശസ്നേഹിയാണ്, എബിവിപിക്ക് അയാളെക്കുറിച്ച് സംസാരിക്കാൻ യാതൊരു അവകാശവുമില്ല. കാരണം അവർ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നു. അയാൾ രാജ്യത്തെ ആദ്യത്തെ ഭീകരവാദിയും ദേശവിരുദ്ധനുമാണ്. അവർക്ക് യാതൊരു ധാർമ്മിക അവകാശവുമില്ല”- ബി കെ ഹരിപ്രസാദ് പ്രതികരിച്ചു.
ഉമർ ഖാലിദിനെക്കുറിച്ച് ലളിത് വചാനി സംവിധാനം ചെയ്ത ‘പ്രിസണർ നമ്പർ. 626710 ഈസ് പ്രസൻ്റ്’ എന്ന ഡോക്യുമെൻ്ററി നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആണ് എബിവിപി പ്രതിഷേധം ഉയർത്തിയത്. 2016ൽ ജെഎൻയുവിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണത്തിലും സിഎഎ – എൻആർസി പ്രതിഷേധത്തിലും 2020ലെ ദില്ലി കലാപത്തിലും ഉമർ ഖാലിദിന് ബന്ധമുണ്ടെന്നാണ് എബിവിപിയുടെ ആരോപണം.




