ഇരിട്ടിയിൽ ഗതാഗത പരിഷ്ക്കരണം പെരുവഴിയിലായി കോൾ ടാക്സികൾ

ഇരിട്ടിയിൽ ഗതാഗത പരിഷ്ക്കരണം
പെരുവഴിയിലായി കോൾ ടാക്സികൾ
ഇരിട്ടി: ഇരിട്ടി നഗരത്തിൽ ജൂലൈ ഒന്ന് മുതൽ നഗരസഭയും പോലീസും ചേർന്ന് നടത്തിയ ഗതാഗത പരിഷ്ക്കരണത്തിൽ ഇടം കിട്ടാതെ പെരുവഴിയിലായി ഓട്ടോ റിക്ഷകളും ടാക്സികളും. ഗതാഗത പരിഷ്കരണത്തിൽ ഇവർക്ക് സ്ഥാനം നിശ്ചയിച്ചിരുന്നെങ്കിലും നിശ്ചയിച്ച സ്ഥലങ്ങളിൽ ആവശ്യമായ ബോർഡുകൾ സ്ഥാപിക്കാത്തതാണ് കോൾ ടാക്സികൾക്കും മറ്റും വിനയായത്. പരിഷ്ക്കാരത്തിന്റെ ഭാഗമായി അധികൃതർ ഇവർക്കായി നിശ്ചയിച്ച ഇടങ്ങളിൽ ബോർഡുകളും മറ്റും സ്ഥാപിക്കാഞ്ഞതിനാൽ ഇവിടം കൈയേറി മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായുള്ള പരാതികൾ ആണ് കൂടി വരുന്നത്.
ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും ഓരോ വിഭാഗം വാഹനങ്ങൾക്കും പ്രത്യേകം പാർക്കിംഗ് സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ട്രാഫിക് സംവിധാനത്തിന്റെ ബോർഡുകൾ സ്ഥാപിക്കാനോ, പരിഷ്കരണം ഒരു ദിവസം പോലും കാര്യക്ഷമമായി നടപ്പിലാക്കാനോ നഗരസഭയ്ക്കും പോലീസിനും കഴിഞ്ഞിട്ടില്ല. ടൗണിലെ ഓട്ടോ ടാക്സി സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെയുള്ള ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാനായിരുന്നു ധാരണ.
എന്നാൽ പുതിയ സ്ഥലത്ത് സ്റ്റാൻഡ് സംബന്ധിച്ച ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതോടെ ഓട്ടോ ടാക്സികൾ ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണ് പാർക്ക് ചെയ്യുന്നത്. നിലവിലെ സംവിധാനത്തിൽ യാത്രക്കാർക്കും ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ട്രാഫിക് പരിഷ്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണിലെ വാഹന പാർക്കിംഗ് സംബന്ധിച്ച് ശാസ്ത്രീയമായ സംവിധാനം ഒരുക്കണമെന്നുമാണ് ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെടുന്നത് .




