കണിച്ചാർ -ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണം യാഥാർത്ഥ്യത്തിലേക്ക്; ആദ്യഘട്ടത്തിന് അഞ്ചു ലക്ഷം രൂപ വകയിരുത്തി

കണിച്ചാർ: വർഷങ്ങളുടെ കാത്തിരിപ്പിനും അവഗണനയ്ക്കും വിരാമമിട്ട് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണത്തിന് ഒരുങ്ങുന്നു. മലയോര മേഖലയിലെ കായിക പ്രേമികളുടെയും യുവതയുടെയും ദീർഘകാലത്തെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ ഭരണസമിതിയുടെ ഈ തീരുമാനം. മൂന്ന് വർഷത്തിനകം സ്റ്റേഡിയം അത്യാധുനിക നിലവാരമുള്ള ടർഫ് സ്റ്റേഡിയമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
വർഷങ്ങളായി നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും സ്റ്റേഡിയത്തിന്റെ നവീകരണത്തിന് കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഭരണസമിതി സ്റ്റേഡിയം ഘട്ടം ഘട്ടമായി നവീകരിച്ച് ആധുനിക മിനി സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഉറപ്പുനൽകിയിരിക്കുന്നത്.
ആദ്യഘട്ട നവീകരണത്തിനായി അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ നവീകരണത്തിനായുള്ള എസ്റ്റിമേറ്റ് ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. മലയോര മേഖലയ്ക്ക് തന്നെ അഭിമാനകരമാകുന്ന മികച്ച കായിക വേദിയാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്ന്, വാർഡ് മെമ്പർ ഷീബാ തോമസ്, അസിസ്റ്റന്റ് എഞ്ചിനീയർ ഡോക്ടർ സിന്ധ്യാ ബേബി ഡാനിയേൽ, ഓവർസിയർ സുജിഷ എന്നിവർ നേരിട്ട് സ്റ്റേഡിയത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.



